പ്രിയ താരങ്ങളെ നേരില്‍ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷവും ആശ്ചര്യവും വേറെ ലെവലാണ്. ചിലപ്പോള്‍ നമുക്ക് സന്തോഷം അടക്കാന്‍ സാധിക്കില്ല. സംഭവിച്ചതു സത്യമാണോ സ്വപ്നമാണോ എന്ന് ഒരു നൂറുവട്ടം നമ്മള് തന്നെ ആലോചിക്കും. അങ്ങനെയൊരു നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കണ്ട സന്തോഷത്തില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. സന്തോഷം അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വന്നില്ല. തനിക്കു മുന്നില്‍ ആശ്ചര്യത്തോടെ നില്ക്കുന്ന ആരാധികയെ ചേര്‍ത്തുപിടിക്കാന്‍ മമ്മൂട്ടിയും മറന്നില്ല.
Read Also: ‘കേക്ക് വേണോ?’; പാതിരാത്രി വീട്ടിലെത്തിയ ആരാധകര്‍ക്ക് മധുരം വിളമ്പി മമ്മൂട്ടി
പ്രിയ താരത്തെ കാണാന്‍ മമ്മൂട്ടിയുടെ വീടിനു മുന്നിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കാത്തുനിന്നത്. മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നില്‍ ഇന്നു രാവിലെയാണ് സംഭവം നടക്കുന്നത്. മമ്മൂട്ടി സ്ഥലത്തുണ്ടെന്നറിഞ്ഞാണ് ഒരു സംഘം വിദ്യാർഥികൾ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയത്. മമ്മൂട്ടി വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു നോക്കു കാണാമല്ലോ എന്നായിരുന്നു വിദ്യാർഥികൾ വിചാരിച്ചത്. മമ്മൂട്ടി പുറത്തിറങ്ങുമെന്ന് കരുതി വിദ്യാർഥികൾ ഏറെ നേരം കാത്തുനിന്നു. ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് താരം പുറത്തേക്ക് ഇറങ്ങിയത്. ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനാണു മമ്മൂട്ടി വീട്ടിൽ നിന്നു ഇറങ്ങിയത്.
Read Also: കൊച്ചുമോളുള്ളപ്പോള് വീടിന് പുറത്തേക്കിറങ്ങാന്‍ തന്നെ വാപ്പിച്ചിയ്ക്ക് മടിയാണ്: ദുല്‍ഖര്‍ സല്മാന്
താരത്തിന്റെ വണ്ടി കടന്നുപോകുമ്പോൾ ഒരു നോക്കു കാണാമെന്ന് മാത്രമാണ് വിദ്യാർഥികൾ പ്രതീക്ഷിച്ചത്. എന്നാൽ, മമ്മൂട്ടി ഇവരെയെല്ലാം അതിശയിപ്പിച്ചു. ആരാധകരും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനമാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വെെറലായത്. ഏറെ നേരമായി ആരാധകർ തന്നെ കാത്തുനിൽക്കുന്നു എന്നു മനസിലാക്കിയ മമ്മൂട്ടി കാറിൽ കയറാതെ ഗേറ്റിനു അരികിലേക്കു പോയി. ആരാധകർ ആവേശത്തിലായി. പ്രിയ താരത്തിൽ നിന്നുമുള്ള അപ്രതീക്ഷിത സ്നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. പ്രിയ താരത്തിന്റെ അപ്രതീക്ഷിത സ്നേഹപ്രകടനത്തിൽ വാക്കുകൾ പുറത്തേക്ക് വരാതെയായി. കരഞ്ഞ വിദ്യാർഥിനിയെ മമ്മൂട്ടി ചേർത്തുപിടിച്ചു. ആരാധകരോട് കാര്യങ്ങൾ തിരക്കി. അവസാനം എല്ലാം കഴിഞ്ഞു പോകുമ്പോൾ കർക്കശക്കാരനായ വല്ല്യേട്ടനായി മമ്മൂട്ടി. ‘നന്നായി പഠിക്കണം’ എന്ന ഉപദേശമാണ് അവസാനം മമ്മൂട്ടി കുട്ടികൾക്ക് നൽകിയത്.
നേരത്തെയും മമ്മൂട്ടിയുടെ വീടിനു മുന്നിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. രാത്രി 12 മണിക്കു ജന്മദിനാശംസകൾ നേരാൻ എത്തിയ ആരാധകരോട് മമ്മൂട്ടി കുശലാന്വേഷണം നടത്തിയതിന്റെയും അവർക്ക് കേക്ക് നൽകിയതിന്റെയും വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.