കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. കോവിഡ് എന്ന് മഹാവിപത്തിനെതിരെ ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടവും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയെന്നും മമ്മൂട്ടി പറഞ്ഞു.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാവണമെന്ന് ആഗ്രഹിക്കുന്നുന്നെന്നും അഭ്യര്‍ത്ഥിക്കുന്നെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആഹ്വാനം.

Read More: പുര കത്തുമ്പോൾ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങിയിട്ടുണ്ട്: ലിജോ ജോസ് പെല്ലിശ്ശേരി

നേരത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു. ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

“പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം. NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി,” ഫെയ്സ്ബുക്ക് പോസ്റ്റിൽ ലിജോ പറയുന്നു.

വീഡിയോ സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്.

“കൊറോണ വെെറസിനെ നമ്മൾ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക് ഡൗൺ കാലത്ത് ഒറ്റയ്‌ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മൾ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം നടപ്പിലാക്കിയ ലോക്ക് ഡൗൺ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാർച്ച് 22 ലെ ജനതാ കർഫ്യൂവും മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി.” വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook