മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും നാൽപ്പത്തിയൊന്നാം വിവാഹവാർഷികമാണ് ഇന്ന്. താരത്തിനും നല്ല പാതിയ്ക്കും വിവാഹാശംസകൾ നേരുകയാണ് സിനിമാലോകം. മോഹൻലാലും മമ്മൂട്ടിയ്ക്കും സുൽഫത്തിനും ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ഭാഭിയ്ക്കും ആശംസകൾ എന്നാണ് മോഹൻലാൽ കുറിക്കുന്നത്.
മോഹൻലാലിനെ കൂടാതെ ജോജു ജോർജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുൺ ഗോപി തുടങ്ങി നിരവധി പേരാണ് ഇരുവർക്കും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.
“ഭാര്യ ഒരിക്കലും നമ്മുടെ രക്തബന്ധമല്ലല്ലോ, പക്ഷേ വേണമെങ്കിൽ മുറിച്ചുമാറ്റാവുന്ന ഒരു ബന്ധമാണ്. എന്നാൽ നമ്മൾ ഓർക്കേണ്ട ഒന്നുണ്ട്, മുറിച്ചുമാറ്റാൻ പറ്റുന്ന ആ ബന്ധത്തിൽ നിന്നുമാണ് മുറിച്ചുമാറ്റാനാവാത്ത മറ്റു ബന്ധങ്ങളെല്ലാം നമുക്കുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഭാര്യാഭർത്തൃബന്ധം വളരെ ദിവ്യമായ ഒന്നാണ്,” ഭാര്യ-ഭർത്തൃബന്ധത്തെ കുറിച്ച് ഒരിക്കൽ ഒരു വേദിയിൽ മമ്മൂട്ടി പറഞ്ഞതിങ്ങനെ.
1979 മേയ് ആറിനായിരുന്നു മമ്മൂട്ടിയും സുൽഫത്തും തമ്മിലുള്ള വിവാഹം. “സുൽഫത്ത് വിവാഹം ചെയ്തത് ഒരു വക്കീലിനെയാണ്, സിനിമാനടനെയല്ല,” എന്ന് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹസമയത്ത് വക്കീലായി പ്രാക്റ്റീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി.

വിവാഹത്തിനു മുൻപ് അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും അതൊന്നും വേണ്ടരീതിയിൽ ശ്രദ്ധ നേടിയിരുന്നില്ല. വിവാഹത്തിനു ശേഷമാണ് ഒരു നടൻ എന്ന രീതിയിൽ മമ്മൂട്ടിയ്ക്ക് ഉയർച്ച ഉണ്ടാവുന്നത്. മമ്മൂട്ടിയെന്ന സൂപ്പർസ്റ്റാറിന്റെ സംഭവബഹുലമായ അഭിനയജീവിതത്തിനും ദാമ്പത്യത്തിനും ഒരേ വർഷങ്ങളുടെ പഴക്കം. ഇന്ന് കാണുന്ന സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള മമ്മൂട്ടിയുടെ യാത്രയിൽ സുൽഫത്തിനും അനിഷേധ്യമായൊരു പങ്കുതന്നെയുണ്ട്.
Read more: അന്നേ അച്ഛനും മകനും സ്റ്റൈലാ; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ