/indian-express-malayalam/media/media_files/uploads/2023/10/Mammootty-Sukumari.jpg)
മലയാളത്തിന്റെ മെഗാസ്റ്റാർ, സുകുമാരിയമ്മയുടെ മമ്മൂസ്
സിനിമയിലെ വൈകാരിക മുഹൂർത്തങ്ങളെക്കാളും സൗഹൃദങ്ങളേക്കാളുമൊക്കെ മനസ്സു തൊടുന്ന കാഴ്ചകളും മനുഷ്യബന്ധങ്ങളും നമുക്ക് സിനിമയ്ക്ക് വെളിയിൽ കണ്ടെത്താം. താരങ്ങൾക്കിടയിലെ കറകളഞ്ഞ സൗഹൃദം, ഉള്ളു തൊടുന്ന സ്നേഹം, കണ്ണുനനയിക്കുന്ന മുഹൂർത്തങ്ങൾ ഒക്കെ പലപ്പോഴും ആരാധകരും നെഞ്ചിലേറ്റാറുണ്ട്.
വളരെ ഊഷ്മളമായൊരു ആത്മബന്ധം സൂക്ഷിച്ചിരുന്ന രണ്ടുപേരാണ് നടൻ മമ്മൂട്ടിയും വിട പറഞ്ഞ സുകുമാരി അമ്മയും. തന്നെ വളരെ സ്നേഹത്തോടെ മമ്മൂസ് എന്നു വിളിക്കുന്ന അപൂർവ്വം ചിലരെ ഉള്ളൂ, അതിൽ ഒന്ന് സുകുമാരിയമ്മ ആണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സുകുമാരിയമ്മയെ സംബന്ധിച്ചും മമ്മൂട്ടി സ്വന്തം മകനെ പോലെയായിരുന്നു. 'എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ്' എന്നാണ് അവർ എന്നും പറഞ്ഞുകൊണ്ടിരുന്നത്. മമ്മൂട്ടിയുടെ മനസ്സു കൊണ്ടാണ് പലപ്പോഴും രോഗാവസ്ഥകളെ മറികടന്ന് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അവർ പലകുറി ആവർത്തിച്ചു.
മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് ഹാര്‍ട്ടു - ടു - ഹാര്‍ട്ട് പദ്ധതിയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ തുടങ്ങിയ കാലത്ത് ആദ്യം നടത്തിയ 100 ശസ്ത്രക്രിയകളിൽ ഒന്ന് സുകുമാരിയമ്മയക്ക് വേണ്ടിയായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന സുകുമാരിയമ്മയെ നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന് അരികിലേക്ക് പറഞ്ഞുവിടുന്നതും ശസ്ത്രക്രിയ നടത്തിച്ചതുമെല്ലാം മമ്മൂട്ടിയായിരുന്നു.
നിംസ് ഹോസ്പിറ്റലിൽ നടന്ന ഒരു ചടങ്ങിനിടെ മമ്മൂട്ടിയെ കുറിച്ച് സുകുമാരിയമ്മ സംസാരിക്കുന്ന ഒരു വീഡിയോ കാണാം. അതിലുണ്ട് മമ്മൂട്ടിയും സുകുമാരിയമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം.
"മമ്മൂട്ടി എന്നു ഞാൻ പറയില്ല, എന്റെ മമ്മൂസ് ആണ്. മമ്മൂട്ടി നടത്തിയ നൂറ് സർജറികളിൽ ഒന്ന് ഞാനാണ്. അദ്ദേഹത്തിന്റെ ഒരു മനസ്സുകൊണ്ടാണ് ഞാനിവിടെ വരുന്നതും ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തുന്നതും ഇന്ന് നിങ്ങൾക്കു മുന്നിൽ സംസാരിക്കാനുള്ള ശേഷിയും തന്നത് അദ്ദേഹമാണ്. ഞാൻ മരിച്ച് കഴിഞ്ഞാലും എന്റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും," എന്നായിരുന്നു സുകുമാരിയുടെ വാക്കുകൾ.
സുകുമാരി സംസാരിക്കുമ്പോൾ 'ഒരു കാര്യം പറയട്ടെ ചേച്ചി' എന്ന മുഖവുരയോടെ എണീറ്റുവന്ന് സംസാരിക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. "ഇവിടെ നിന്നു ഇപ്പോ വലിയ കാര്യത്തിൽ പ്രസംഗിക്കുന്നുണ്ട്. പറഞ്ഞാൽ അനുസരണയില്ലാത്തൊരു സാധനമാണിത്. ആദ്യം ഒരു ഓപ്പറേഷൻ നടത്തി. എന്നിട്ട് ഡാൻസ് കളിക്കാനൊക്കെ പോയി. അതു കുഴപ്പമായി. ഒരു സാധനം പറഞ്ഞാൽ കേൾക്കൂല. പിന്നെ ഞാൻ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഇവിടുന്ന് ഇറക്കരുത് എന്നു പറഞ്ഞിട്ട് മുറിയിൽ പൂട്ടിയിട്ടിട്ടാണ് ഇങ്ങനെ നിൽക്കുന്നത്. ഇപ്പോ ഈ വർത്തമാനം പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. ഒരു അനുസരണയുമില്ല. ഇതിനെയൊന്നും ഇങ്ങനെ വളർത്തിയാൽ ശരിയാവൂല," സുകുമാരിയെ സ്നേഹവാത്സല്യത്തോടെ ചേർത്തു നിർത്തികൊണ്ട് മമ്മൂട്ടി പറയുന്നു.
2013 മാര്‍ച്ച് 26നാണ് സുകുമാരി ഈ ലോകം വിട്ടുപോയത്. സുകുമാരിയമ്മയുടെ അവസാന ദിവസങ്ങളെ കുറിച്ച് നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന്‍ ഏതാനും വർഷങ്ങൾക്കു മുൻപു കുറിച്ച വാക്കുകളും മമ്മൂട്ടിയും സുകുമാരിയും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തും.
"പതിവില്ലാതെ എന്റെ ഫോണ്‍ വെളുപ്പിന് ബെല്ലടിക്കുന്നു. ചേച്ചിയുടെ മിസ്ഡ് കോള്‍ ആയിരുന്നു. ഞാന്‍ തിരികെ വിളിച്ചു. പ്രാര്‍ത്ഥനാമുറിയിലെ വിളക്കില്‍ നിന്നും തീ പടര്‍ന്നു പിടിച്ചെന്നായിരുന്നു. ഞാന്‍ ചേച്ചിയുടെ മകനോട് സംസാരിച്ചപ്പോള്‍ ആശുപത്രിയില്‍ പോകുവാന്‍ വിസമ്മതിക്കുന്നുവെന്ന് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ മമ്മൂക്കയെ വിളിച്ചു. ഈ ലോകത്ത് മമ്മുക്ക പറഞ്ഞാല്‍ മാത്രമേ ചേച്ചി കേള്‍ക്കുകയുള്ളു.
മമ്മുക്കയുടെ ശാസനയെ തുടര്‍ന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത്. പൊള്ളലിന്റെ ശതമാനവും പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി. ഓരോ മണിക്കൂര്‍ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു. പക്ഷേ ചേച്ചി നമ്മെ വിട്ടു പോയി. എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴും ചേച്ചി പറയുമായിരുന്നു. അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത്," എന്നാണ് ഫൈസൽ ഖാൻ കുറിച്ചത്.
സുകുമാരിയമ്മയുടെ മരണസമയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ ഒരു പഴയ വീഡിയോയും കാഴ്ചക്കാരുടെ കണ്ണുകളെ ഈറനാക്കും. "എനിക്ക് അവർ അമ്മ തന്നെയായിരുന്നു. എവിടെ പോയിട്ട് വന്നാലും ഭക്ഷണം കൊണ്ടുവരുന്നയാൾ. അടുത്തകാലത്ത് ചേച്ചിയ്ക്കുണ്ടായ ആദ്യത്തെ ഹാർട്ട് അറ്റാക്ക് ചേച്ചി നിസാരമായി എടുത്തു. ഞാൻ നിർബന്ധിച്ചിട്ട് നിംസ് ഹോസ്പിറ്റലിൽ പോയി ഒരു ഓപ്പറേഷൻ നടത്തി. അതു പൂർണമായി ഭേദമാകും മുൻപ് സിനിമയിൽ അഭിനയിക്കാൻ പോയി. അതിന്റെ സ്റ്റിച്ചൊക്കെ പൊട്ടി. ഞാൻ വിളിച്ച് വഴക്കു പറഞ്ഞപ്പോൾ രണ്ടാമതും ഹോസ്പിറ്റലിൽ പോയി അതൊക്കെ ശരിയാക്കിയെടുത്തു. അങ്ങനെയൊക്കെ ഒരുപാട് കഷ്ടപ്പെട്ട് ഞാൻ രക്ഷിച്ചെടുത്ത ജീവനാണ് ഇപ്പോൾ ഈ തീ കൊണ്ടുപോയത്...," എന്നാണ് ശബ്ദമിടറി മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയേയും സുകുമാരിയമ്മയേയും ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പഴയ വീഡിയോ കൂടിയുണ്ട്. സുകുമാരിയമ്മയുടെ പാട്ടിനൊപ്പം വേദിയിൽ നൃത്തം ചെയ്യുന്ന മമ്മൂട്ടി. ഇരുവരും ചേർന്ന് സ്റ്റേജിൽ തീർക്കുന്ന ഓളം കാണേണ്ടതാണ്.
'എന്നടീ രാക്കമ്മ…' എന്ന് തുടങ്ങുന്ന തമിഴ് ഗാനം മൈക്കെടുത്തു കൊണ്ട് പാടി നൃത്തം ചെയ്യുകയാണ് സുകുമാരിയമ്മ. കോട്ടും സ്യൂട്ടും അണിഞ്ഞെത്തുന്ന മമ്മൂട്ടി ഇൻഹിബിഷൻസ് ഒന്നുമില്ലാതെ ഏറ്റവും ഫ്രീയായി ആ പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ്. ഏറ്റവും രസകരമായി മമ്മുക്കയിലെ നർത്തകനെ കാണാവുന്ന ഒരു വീഡിയോ ആണിത്. പാട്ടിനൊടുവിൽ 'താങ്ക് യു മമ്മൂസ്' എന്ന് പറഞ്ഞ് മമ്മൂട്ടിയെ അഭിനന്ദിക്കുന്ന സുകുമാരിയേയും വീഡിയോയിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us