മമ്മൂട്ടിയെ നായകനാക്കി കലൂർ ഡെന്നിസിൻ്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സിനിമയുടെ പൂജ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍ നടന്നു. മമ്മൂട്ടി, ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണൻ, ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമിഷ് രവി എന്നിവർ എത്തിയിരുന്നു. വളരെ ലളിതമായി നടന്ന ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
“മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം,” ഡീനോ ഡെന്നീസ് പറഞ്ഞു.
-
ബസൂക്ക പൂജയിൽ നിന്നും
-
കലൂർ ഡെന്നിസും മകൻ ഡിനോ ഡെന്നിസും
ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനവും നിർവ്വഹിക്കും. കൊച്ചി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. തിയേറ്റർ ഓഫ് ഡ്രീം സിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.