നാളെ തീയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് മേക്കിങ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. കാടിനുള്ളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതാണ് മേക്കിങ് വീഡിയോയില്‍ പ്രധാനമായി കാണിച്ചിരിക്കുന്നത്. രംഗങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധേയമാണ്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈദ് റിലീസായി ‘ഉണ്ട’ തീയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം റിലീസ് പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.

Mammootty’s Malayalam Film ‘Unda’ Making Video

Also Read: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഈദിനെത്തില്ല: കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും

മധുരരാജയുടെ വലിയ വിജയത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കമുളളത്. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിത്ത് എത്തുന്നത്. സി.ഐ മാത്യൂസ് ആന്റണി എന്നാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രഞ്ജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook