കൊച്ചി: മമ്മൂട്ടിയെ കുറിച്ചുള്ള പരാമർശത്തിൽ രോഷാകുലരായി ആരാധകർ ആക്രമിച്ച നടി അന്ന രാജനെ മമ്മൂട്ടി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മമ്മൂട്ടിയുടെ ആരാധകരുടെ ഭാഗത്ത് നിന്ന് രൂക്ഷമായ ആക്ഷേപങ്ങൾ നേരിട്ട സാഹചര്യത്തിലാണ് അന്നയെ മമ്മൂട്ടി ഫോണിൽ വിളിച്ച് സംസാരിച്ചത്.

“തനിക്ക് എന്ത് സാഹചര്യവും നേരിടാനുള്ള കരുത്താണ് മമ്മൂട്ടിയുടെ ഫോൺ കോൾ നൽകിയത്” എന്ന് ഇതേക്കുറിച്ച് പിന്നീട് അന്ന ഫെയ്സ്ബുക്കിൽ കുറിച്ചു.

“എങ്ങിനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കുമെന്ന് പേടിച്ചിരുന്നപ്പോഴാണ് ഫോൺ കോൾ വന്നത്. അതിപ്പോഴും ഒരു സ്വപ്നമായാണ് തോന്നുന്നത്. രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച തന്നെ പോലെ ഒരാളെ വിളിച്ച് സംസാരിക്കാൻ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസിന് നന്ദി”, അന്ന കുറിച്ചു.

ഒരു ചാനലിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് അന്നയ്ക്ക് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നത്. പിന്നീട് ഇതേക്കുറിച്ച് ഫെയ്സ്ബുക്ക് ലൈവിൽ വിശദീകരിച്ച അന്ന കരഞ്ഞിരുന്നു. താൻ മമ്മൂക്കയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ് താരം മാപ്പപേക്ഷിച്ചു. ഇതേ തുടർന്നാണ് മമ്മൂട്ടി തന്നെ നടിയെ ഫോണിൽ വിളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ