കേരളത്തിന് പുറത്തും അകത്തും ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ സിനിമാ മേഖലയെ തന്നെ അത്ഭുതപ്പെടുത്തിയ നടനാണ് മമ്മൂട്ടി. മലയാള സിനിമയില്‍ കേരളത്തിലെ വൈവിധ്യങ്ങളായ ഭാഷാരീതിയെ അസാമാന്യമായ വഴക്കത്തോടെ അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല, മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും മമ്മൂട്ടി അഗ്രഗണ്യനാണ്.
മലയാളത്തിനു പുറമേ തമിഴിലും മമ്മൂട്ടി പലപ്പോഴായി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ തമിഴ് ഡയലോഗുകള്‍ നിഷ്പ്രയാസം പറയുന്ന മമ്മൂട്ടി ഇത്തവണ ഒരു പൊതുവേദിയിലെത്തി തമിഴ് സംസാരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് മമ്മൂട്ടി തമിഴില്‍ സംസാരിച്ചത്. ‘മാമാങ്കം’ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് മമ്മൂട്ടി തമിഴ് സംസാരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് തമിഴ് സംസാരിക്കാന്‍ തനിക്കു പേടിയാണെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. തമിഴ് സംസാരിക്കാന്‍ പേടിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ് മുഴുവന്‍ ചിരിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് വളരെ സുഗമമായാണ് മമ്മൂട്ടി തമിഴില്‍ പ്രസംഗം തുടരുന്നത്.
ഡിസംബർ 12 നാണ് മമ്മൂട്ടി ബ്രഹ്‌മാണ്ഡ ചിത്രം ‘മാമാങ്കം’ തിയറ്ററുകളിലെത്തുന്നത്. വിവിധ ഭാഷകളിലായി തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴ്‌നാട്ടിലും റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ മമ്മൂട്ടിയുടെ തമിഴ് ഡബിങ് സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു.
വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.
Read Also: മാമാങ്കം: സിനിമയ്ക്ക് മുന്‍പേ നോവല്‍ പുറത്തിറക്കി സജീവ് പിള്ളയുടെ സർജിക്കൽ സ്ട്രെെക്ക്
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.