മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാവുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇടവേളയിൽ തറയിൽ ‘മയങ്ങു’ന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക.
ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളിയായ നാടകപ്രവർത്തൻ ജെയിംസായും തമിഴ്നാട്ടിലെ ഒരു സാധാരണ കർഷകനായ സുന്ദരം എന്ന കഥാപാത്രമായും പരകായ പ്രവേശം നടത്തുകയാണ് മമ്മൂട്ടി. അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകർക്ക് തീർത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിക്കുന്നത്.
രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് സ്വന്തമാക്കിയത്.
തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്.