ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കാതൽ ദി കോർ’ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുളള രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. മമ്മൂട്ടി തന്നെയാണ് ട്വിറ്ററിലൂടെ ജിയോ ബേബിയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചത്.’കാതൽ ദി കോർ എന്ന ചിത്രത്തിലെ എൻെറ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചു. ഇത്രയും വൈബ്രൻറായ ആളുകൾക്കൊപ്പം വളരെ ആസ്വദിച്ചാണ് വർക്ക് ചെയ്തത്’ മമ്മൂട്ടി കുറിച്ചു.
പതിവ് തെറ്റിക്കാതെ സ്പെഷ്യൽ ബിരിയാണിയും മമ്മൂട്ടി അണിയറപ്രവർത്തകർക്കായി ഒരുക്കിയിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം ബിരിയാണി വിളമ്പുന്ന ജ്യോതികയെയും സംവിധായകൻ ജിയോ ബേബിയെയും ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം നടൻ സൂര്യ ലൊക്കോഷനിൽ വന്നപ്പോഴും ബിരിയാണി ഉണ്ടായിരുന്നു. രുചികരമായ ഭക്ഷണത്തിനു മമ്മൂട്ടിയ്ക്കു നന്ദി അറിയിച്ച് സൂര്യ ട്വീറ്റ് ചെയ്തിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ‘കാതൽ’. ജ്യോതികയേയും മമ്മൂട്ടിയേയും കാണാനായി കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനിൽ എത്തിയത്. മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് സൂര്യ തിരികെ പോയത്.
പ്രേക്ഷകർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ മമ്മൂട്ടി തന്നെ നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.