മലയാളത്തിന്റെ എക്കാലത്തെയും മഹാ നടനാണ് മമ്മൂട്ടി. അദ്ദേഹം അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളുടെ പേരില്‍ ആരാധകര്‍ മമ്മൂട്ടി എന്ന നടനെ, മനുഷ്യനെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

കഥാപാത്രമായി മമ്മൂട്ടിയെ കണ്ട് ആരാധിക്കുന്നവരും അദ്ദേഹത്തിലെ നടനെ ആരാധിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ ഒരു അപൂര്‍വ്വ അനുഭവത്തെക്കുറിച്ചാണ് മഴവില്‍ മനോരമ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തിയത്.

“പുണെ യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. കുറച്ച് വലിയ മുഖമൊക്കെയായി പ്രായമുള്ള രൂപത്തിലാണ് ആ സീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അംബേദ്കറുടെ കോസ്റ്റ്യൂമില്‍ എത്തി. പെട്ടെന്ന് ഒരാള്‍ വന്ന് എന്റെ കാലില്‍ വീണു. സ്യൂട്ട് ഒക്കെയിട്ട്, ടൈ ഒക്കെ കെട്ടി, ഫുള്‍ സ്ലീവ് ഷര്‍ട്ട് ഒക്കെ ധരിച്ച ഒരാള്‍.

ഞാനാകെ ഞെട്ടി, അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചു. ഇദ്ദേഹത്തിന് എന്റെ മുഖം അറിയില്ല. പരിചയവുമില്ല. പക്ഷെ മനസില്‍ നിറയെ അംബേദ്കറുടെ മുഖമാണ്. ‘ബാബാ സാഹേബ്, സോറി. നിങ്ങള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നു,’ എന്നു പറഞ്ഞ് അദ്ദേഹം കരയുകയാണ്. ഞാനഭിനയിച്ച കഥാപാത്രത്തിന്റെ മുമ്പിലാണ് അദ്ദേഹം കരയുന്നത്. എന്റെ മുമ്പിലല്ല. ആ മനുഷ്യന്‍ പുണെ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ ആയിരുന്നു. വലിയൊരു അംബേദ്കര്‍ വിശ്വാസിയും ആയിരുന്നു. അവര്‍ക്ക് അംബേദ്കര്‍ ഒരു ദൈവമാണ്,” മമ്മൂട്ടി പറയുന്നു.

2000 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജബ്ബാര്‍ പാട്ടീല്‍ സംവിധാനം ചെയ്‌ത ഡോ. ബാബാ സാഹേബ് അംബേദ്കര്‍. ചിത്രത്തില്‍ ബി.ആര്‍. അംബേദ്കറായി വേഷമിട്ടത് മമ്മൂട്ടിയായിരുന്നു. നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ നിര്‍മ്മിച്ച ചിത്രം ഇവിടെ കാണാം.

 

18 വര്‍ഷത്തിനു ശേഷം അദ്ദേഹം വീണ്ടുമൊരു ബയോപിക്കില്‍ അഭിനയിക്കുകയാണ്. വൈഎസ്ആറിന്റെ ജീവിതം ആസ്‌പദമാക്കി ഒരുങ്ങുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രമാണത്.   1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്‌ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്‌.

2009 സെപ്റ്റംബര്‍ രണ്ടിന് ഒരു ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞ വൈഎസ്ആറിന്‍റെ രാഷ്‌ട്രീയ ജീവിതമാകും ചിത്രം പ്രതിപാദിക്കുന്നത്. 2003ല്‍ അദ്ദേഹം നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചത് എന്ന് കരുതപ്പെടുന്നു.   വൈഎസ്ആറിന്‍റെ ഭാര്യയായ വിജയലക്ഷ്‌മിയുടെ വേഷത്തില്‍ എത്തുന്നത്‌ ആശ്രിതാ വെമുഗന്തി എന്ന തെലുങ്ക്‌ നടിയാണ്.   ഭൂമികാ ചാവ്ലയാണ് വൈഎസ്ആറിന്‍റെ മകള്‍ ഷര്‍മിളയുടെ വേഷത്തില്‍ എത്തുന്നത്‌ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ബ്ലെസി സംവിധാനം ചെയ്‌ത ‘ഭ്രമരം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായിരുന്നു ഭൂമികാ ചാവ്ല.

വായിക്കാം: തെലുങ്ക്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളും ഭാര്യയുമാകുന്ന നടികള്‍

Yathra, YSR, Mammootty

‘യാത്ര’യുടെ ഫസ്റ്റ് ലുക്ക്‌

‘അദ്ദേഹത്തിന് ചരിത്രത്തില്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കണമായിരുന്നു, എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചാണ് യാത്രയായത്,’ എന്ന വാക്കുകളോടെയാണ് ഫസ്റ്റ്‌ലുക്ക് എത്തിയത്. വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച്, ജനങ്ങള്‍ക്കു നേരെ കൈവീശിയാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.   ജൂണ്‍ 20 തീയതിയോടെ മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കാനായി ആന്ധ്രയിലേക്ക് തിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രങ്ങള്‍: ഫേസ്ബുക്ക്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook