മെഗാസ്റ്റാർ മമ്മൂട്ടി ഒരു നടനായിരുന്നില്ലെങ്കിൽ അദ്ദേഹമിന്ന് ഒരു വക്കീലാകുമായിരുന്നു. എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബി നേടിയ ശേഷം രണ്ടു വർഷത്തോളം മമ്മൂട്ടി വക്കീൽ വേഷമണിഞ്ഞു. പിന്നീടാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമാലോകത്തെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. മമ്മൂട്ടി തന്റെ കോളേജുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
ലോ കോളേജിൽ താൻ പഠിച്ചിരുന്ന ക്ലാസ്സ് മുറിയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. “ഇതായിരുന്നു എന്റെ ഫൈനൽ ഇയർ ക്ലാസ്സ് റൂം. ഞങ്ങൾ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരുന്നു. ഒരുകാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോളായിരുന്നു” മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ‘അൽമ മേറ്റർ’ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.
എന്താണ് മമ്മൂട്ടി ഇത്തരത്തിലൊരു വീഡിയോ പങ്കുവച്ചതെന്നാണ് ആരാധകർക്കിടയിലെ സംശയം. ‘ഇക്ക ഈ സൈസ് എടുക്കത്തതാണല്ലോ’ തുടങ്ങിയ സിനിമ ഡയലോഗുകളും അതിൽ ഉൾപ്പെടുന്നുണ്ട്. നന്ദഗോപൻ മാരാർ പോലുള്ള വക്കീൽ കഥാപാത്രങ്ങളെയും കമന്റ് ബോക്സിൽ ആരാധകർ ഓർത്തെടുക്കുന്നു.
ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. ജിയോ ബേബിയുടെ കാതൽ ദി കോർ, ബി ഉണ്ണികൃഷ്‌ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് പുതിയ മമ്മൂട്ടി ചിത്രങ്ങൾ.