ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ ഏറെ കരുതൽ പുലർത്തുന്നയാളാണ് നടൻ മമ്മൂട്ടി. അതേസമയം, പ്രിയപ്പെട്ടവർക്ക് രുചികരമായ നല്ല ഭക്ഷണം വിളമ്പുകയെന്നതും മമ്മൂട്ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. മമ്മൂട്ടി അഭിനയിക്കുന്ന പടങ്ങളുടെ ലൊക്കേഷനിൽ ഒരു ദിവസം ബിരിയാണി നൽകുന്ന പതിവുമുണ്ട്. താരത്തിന്റെ സഹപ്രവർത്തകർ പലപ്പോഴും അഭിമുഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു ചെറിയ ചോറുപൊതിയില്‍ നിന്നുമാണ് ഈ ബിരിയാണി പതിവിന്റെ തുടക്കമെന്ന് മമ്മൂട്ടി മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഹരികൃഷ്ണന്‍സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഭാര്യ സുലുവിനോട് തനിക്ക് ഇലച്ചോറു കഴിക്കാന്‍ കൊതിയാവുന്നുവെന്ന് മമ്മൂട്ടി അറിയിച്ചു. സുലു പൊതിഞ്ഞു തന്ന ചോറ് അന്ന് മോഹന്‍ലാല്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ചോറിന് ആവശ്യക്കാരുമേറി. അങ്ങനെയാണ് സെറ്റിൽ എല്ലാവർക്കും താൻ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതെന്നും മമ്മൂട്ടി വ്യക്തമാക്കി.
‘കാതൽ’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലും സഹപ്രവർത്തകർക്കായി ബിരിയാണി വിരുന്നൊരുക്കിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ആതിഥേയത്വം ഏറ്റുവാങ്ങാൻ ഒരു സ്പെഷൽ അതിഥി കൂടി ഇന്ന് കാതലിന്റെ ലൊക്കേഷനിൽ എത്തിയിരുന്നു, തമിഴ് നടൻ സൂര്യ.

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ‘കാതൽ’. ജ്യോതികയേയും മമ്മൂട്ടിയേയും കാണാനായി കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനിൽ എത്തിയത്. മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് സൂര്യ തിരികെ പോയത്.

പ്രേക്ഷകർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ മമ്മൂട്ടി തന്നെ നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.