സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ചോദിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്നതാണ്. താന്‍ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്ന കാര്യം മമ്മൂട്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ ഇടയ്ക്കിടെ വന്നു പോകുമ്പോള്‍ ആ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് താരം. തനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നാണ് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നത്

‘എനിക്ക് രാഷ്ട്രീയത്തില്‍ വലിയ താത്പര്യം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് താത്പര്യമില്ല. ജനങ്ങളെ സേവിക്കാന്‍ നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നില്ല,’ മമ്മൂട്ടി വ്യക്തമാക്കി.

Read More: ‘ഈ മനുഷ്യനൊരു മാറ്റവും ഇല്ലല്ലോ’; ഫെയ്‌സ് ആപ്പിൽ മമ്മൂട്ടിക്കൊപ്പം മംമ്തയും

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മത്സരിക്കാന്‍ പാര്‍ട്ടി താരത്തെ നിര്‍ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ ആവശ്യങ്ങള്‍ക്കൊന്നും മമ്മൂട്ടി പച്ചക്കൊടി കാണിച്ചില്ല.

സിനിമാ മേഖലയില്‍ മധുരരാജ, ഉണ്ട തുടങ്ങി തുടര്‍ച്ചയായ വിജയങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിയുടെ അക്കൗണ്ടില്‍ ഉള്ളത്. ബോക്‌സ് ഓഫീസില്‍ മധുരരാജ 100 കോടിയില്‍ അധികം വരുമാനം നേടിയപ്പോള്‍, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ കൈയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്.

Read More: മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ക്രിസ്‌മസിന്

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ചിത്രീകരണ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്.

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മീനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വ്വനിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്താവുന്ന തരത്തിലാണ് സിനിമയൊരുക്കുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി. പുതുമുഖമായ വന്ദിതയാണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook