അന്തരിച്ച സിനിമ-സീരിയൽ താരം രവി വള്ളത്തോളിനെ അനുസ്‌മരിച്ച് മമ്മൂട്ടി. ദൂരദർശനു വേണ്ടി തന്നെ ആദ്യമായി ഇന്റർവ്യൂ ചെയ്‌തത് രവിയാണെന്ന് മമ്മൂട്ടി പറഞ്ഞു. രവിയുടെ വിയോഗവാർത്ത വേദനയോടെയാണ് കേട്ടതെന്ന് മമ്മൂട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഊഷ്‌മളമായ ഓർമ്മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.” മമ്മൂട്ടി കുറിച്ചു.

Read Here: സൗമ്യതയുടെ ചിരി

 

അടൂർ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രവി. ‘മതിലുകൾ’, ‘വിധേയൻ’ എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ രവി അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്‌ണനാണ് രണ്ട് സിനിമകളുടെയും സംവിധായകൻ. ‘കോട്ടയം കുഞ്ഞച്ചൻ’ ‘സാഗരം സാക്ഷി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലും രവി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

സിനിമ-സീരിയൽ താരമായ രവി വള്ളത്തോൾ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് വച്ചാണ് അന്തരിച്ചത്. 67 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ഗീതാലക്ഷ്മിയാണ് ഭാര്യ. ഇരുവർക്കും മക്കളില്ല. മാനസികാസ്വാസ്ഥ്യമുള്ള കുട്ടികൾക്കായി ‘തണൽ’ എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു രവി വള്ളത്തോളും ഭാര്യയും.

എഴുത്തുകാരനും ഓൾ ഇന്ത്യ റേഡിയോയിലെ നാടക നടനുമായിരുന്ന ടി.എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനും പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനുമായ രവി വള്ളത്തോൾ സീരിയലുകളിലൂടെയാണ് പ്രശസ്തനായത്. ദൂരദർശനിലെ ‘വൈതരണി’ എന്ന സീരിയലിലൂടെ 1986 ലാണ് രവി വള്ളത്തോൾ തന്റെ അരങ്ങേറ്റം കുറിച്ചത്. രവിയുടെ അച്ഛൻ ഗോപിനാഥൻ നായർ തന്നെയായിരുന്നു ആ സീരിയലിന്റെ തിരക്കഥ ഒരുക്കിയത്.

അമേരിക്കൻ ഡ്രീംസ് അടക്കം നൂറിലേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 26 വർഷമായി മലയാള ടെലിവിഷൻ ലോകത്തെ സജീവസാന്നിധ്യമായിരുന്നു രവി വള്ളത്തോൾ. അഭിനയത്തിനൊപ്പം കഥയെഴുത്തിലും പ്രാവിണ്യം തെളിയിച്ചിരുന്നു. രവി വള്ളത്തോളിന്റേതായി 25 ലേറെ ചെറുകഥകൾ പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ദേവരഞ്ജിനി, നിമഞ്ജനം എന്നീ കഥകൾ പിന്നീട് സീരിയലുകളായി. മഴ, അയാൾ തുടങ്ങി നിരവധിയേറെ നാടകങ്ങളും രവി വള്ളത്തോൾ രചിച്ചിട്ടുണ്ട്. ‘രേവതിക്കൊരു പാവക്കുട്ടി’ എന്ന അദ്ദേഹത്തിന്റെ നാടകം പിന്നീട് സിനിമയായി മാറി.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ ‘സ്വാതിതിരുനാൾ’ ആയിരുന്നു രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അമ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രവി വള്ളത്തോളിന്റെ വിയോഗത്തിൽ സിനിമാ സീരിയല്‍ ലോകത്തെ പ്രമുഖര്‍ അനുശോചിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook