മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ‘പഞ്ചവർണതത്ത’യ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ കുറിച്ച് ഒരു സർപ്രൈസ് ഉണ്ടെന്ന് നേരത്തേ പിഷാരടി പറഞ്ഞിരുന്നു. ആ സർപ്രൈസ് മറ്റൊന്നുമല്ല, ‘ഗാനഗന്ധര്‍വ്വ’ന്റെ ടീസറും ട്രെയിലറും വരുന്നു എന്നതായിരുന്നു

ടീസര്‍ നാലാം തിയതി വൈകിട്ട് ഏഴുമണിയ്ക്ക് എത്തുമ്പോള്‍ ട്രെയിലര്‍ മമ്മൂട്ടിയുടെ ജന്മദിനമായ ഏഴാം തിയതി ഉച്ചയ്ക്ക് 12 ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം കൂടിയായ സെപ്റ്റംബർ ഏഴിന് മെഗാസ്റ്റാറിന്റെ ആരാധകര്‍ക്ക് ഇരട്ടിമധുരം പകരുന്ന വാർത്തയാണ് ഇപ്പോൾ രമേഷ് പിഷാരടി പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയായിരിക്കും ടീസറും ട്രെയിലറും റിലീസ് ചെയ്യുക.

നായിക അതുല്യ ചന്ദ്രയുമൊന്നിച്ച് നിൽക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം കഴിഞ്ഞദിവസം രമേഷ് പിഷാരടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഇതോടൊപ്പമാണ് ചിത്രവുമായി ബന്ധപ്പെട്ട് എന്തോ സർപ്രൈസ് വരുന്ന കാര്യം അദ്ദേഹം അറിയിച്ചത്. എന്നാൽ ഫോട്ടോയിലെ മമ്മൂട്ടിയുടെ ലുക്ക് കണ്ടാണ് ആരാധകർ അമ്പരന്നത്. ദിവസങ്ങൾക്കുള്ളിൽ 68 വയസ് തികയാൻ പോകുന്ന താരം ഇപ്പോഴും എങ്ങനെയാണ് ഈ യുവത്വം കാത്തുസൂക്ഷിക്കുന്നത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

Read More: ഇതേതാ ഈ യൂത്തൻ? ‘ഗാനഗന്ധർവ്വൻ’ മമ്മൂട്ടിയെ കണ്ട് ഞെട്ടി ആരാധകർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വേറിട്ട ടീസറും നേരത്തേ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടു വളരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ടീസർ.

“കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍” എന്ന ഡയലോഗോടെയായിരുന്നു രമേഷ് പിഷാരടി തന്റെ പുതിയ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയത്.

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ ഗംഭീരമായ മേക്കോവറിലാണ് ജയറാം എത്തിയത്. അനുശ്രീ, ധർമജൻ, സലിം കുമാർ, കുഞ്ചൻ എന്നിവരും ചിത്രത്തിൽ അണിനിരന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് തിരക്കഥയൊരുക്കിയ ‘പഞ്ചവർണ്ണതത്ത’യുടെ നിർമ്മാതാവ് മണിയന്‍ പിള്ള രാജുവായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook