മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘പേരന്‍മ്പ്‌’. റോട്ടര്‍ഡാം ഉള്‍പ്പടെയുള്ള ചലച്ചിത്രമേളകളില്‍ മാറ്റുരച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പ്രോമോ റിലീസ് ചെയ്തു.  സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്‌. അമുദവന്‍ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

 

ദേശീയ പുരസ്കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേരന്‍മ്പ്‌’. ആന്‍ഡ്രിയ ജെരീമിയ, വസന്ത് രവി എന്നിവര്‍ അഭിനയിച്ച ചിത്രം ചലച്ചിത്രമേളകളില്‍ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി. റാമിന്‍റെ സംവിധാനത്തില്‍ ഉള്ള ‘തങ്കമീന്‍കള്‍’ എന്ന ചിത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചത്.

ഇതിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നതോടെ തമിഴകത്തെ പ്രഗല്‍ഭരായ പലരും സിനിമയെയും മമ്മൂട്ടിയേയും പ്രശംസിച്ചു രംഗത്ത് വന്നിട്ടുണ്ട്.

“അവിശ്വസനീയം, റാമിന്റെ ഈ ചിത്രം. ‘പേരന്‍മ്പി’നെ പുതിയ മാനങ്ങളില്‍ എത്തിച്ചിരിക്കുന്നു മമ്മൂട്ടി” എന്നാണ് ക്യാമറാമാന്‍ പി.സി.ശ്രീരാം കുറിച്ചത്.

ക്യാമറമാന്‍ പി സി ശ്രീരാമിന്റെ ട്വീറ്റ്

“നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം കണ്ടു കഴിഞ്ഞു എത്രയോ ദിവസം എന്റെ മനസ്സില്‍ തന്നെ തങ്ങി നിന്നു. മമ്മൂട്ടി സാറിന്റെ (അഭിനയതിലുള്ള) മാസ്റ്റര്‍ ക്ലാസ്സ്‌ ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍. ചിത്രത്തിന്റെ മനോഹരമായ സംഗീതം ജൂലൈ 15ന് റിലീസ് ചെയ്യും. യുവന്‍ ശങ്കര്‍രാജയാണ് ഇതിന്റെ സംഗീതം”, എന്ന് യുവ നടന്മാരില്‍ ഒരാളായ സിദ്ധാർത്ഥ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

നടന്‍ സിദ്ധാര്‍ത്തിന്റെ ട്വീറ്റ്

ഇന്നലെ 8.30ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്ന ഫസ്റ്റ് ലുക്ക്‌ ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാണ് റിലീസ് ചെയ്തത്.  സാങ്കേതിക തകരാര്‍ കാരണമാണ് വൈകുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Read More: മമ്മൂട്ടിയുടെ ‘പേരന്‍പ്’ ജനുവരി 27ന് റോട്ടര്‍ഡാമില്‍ പ്രദര്‍ശിപ്പിക്കും

വിദേശത്ത് ടാക്സി ഡ്രൈവറായ അച്ഛന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. തന്മയത്വത്തോടെയുള്ള മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നവരുടെയെല്ലാം ഹൃദയം കീഴടക്കി എന്നാണ് തമിഴകത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ധനഞ്ജയന്‍ ഗോവിന്ദ് എന്ന ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരനും നിര്‍മ്മാതാവും ചിത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

Peranbu Poster - Mammootty

Peranbu Poster – Mammootty

“ഒരു പാട് നന്ദിയുണ്ട് മമ്മൂക്ക, റാമിന്‍റെ ചിത്രത്തില്‍ അഭിനയിച്ചതിന്… ഉത്തരവാദിത്തമുള്ള ഒരു അച്ഛന്‍റെ വേഷത്തില്‍ നിങ്ങള്‍ കസറി. ഇത്രയും ഭംഗിയായി ഈ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കും എന്ന് തോന്നുന്നില്ല. ചിത്രം മുഴുവന്‍ കാണാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം തമിഴ് സിനിമയുടെ യശസ്സുയര്‍ത്തുമെന്നതില്‍ സംശയമില്ല”. ചിത്രത്തിന്‍റെ മുപ്പതു മിനിറ്റുകളോളം താന്‍ കണ്ടുവെന്നും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം വളരെ അര്‍ത്ഥവത്തായതാണ് എന്നും ധനഞ്ജയന്‍ പറയുന്നു.

Read More: ഇത്രയും ഭംഗിയായി ഈ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല, നന്ദിയുണ്ട് മമ്മൂക്ക

ചിത്രം മലയാളത്തിലും റിലീസ് ചെയ്യപ്പെടും എന്നാണു അറിയാന്‍ കഴിയുന്നത്‌. മലയാളത്തില്‍ ചിത്രത്തിന്‍റെ പേരെന്താണ് എന്ന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ‘പേരന്‍മ്പി’ന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2016ലാണ്. ട്രാൻസ്ജെൻഡര്‍ മോഡലായ അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നത്. മമ്മൂട്ടി തന്നെയായിരുന്നു അഞ്ജലി അമീറിന്‍റെ പേര് റാമിന് നിര്‍ദ്ദേശിക്കുന്നത്. ഒരു മാസികയില്‍ വന്ന അവരുടെ ചിത്രം കണ്ടിട്ടാണ് മമ്മൂട്ടി അഞ്ജലിയെ അറിയുന്നത്.

Anjali Ameer and Mammootty at Perambu Location

Anjali Ameer and Mammootty at Perambu Location

യുവന്‍ ശങ്കര്‍ രാജ സംഗീതം പകരുന്ന ചിത്രം നിര്‍മ്മിക്കുനത് പി എല്‍ തേനപ്പന്‍.  ക്യാമറ. തേനി ഈശ്വര്‍, എഡിറ്റിംഗ്. സൂര്യ പ്രഥമന്‍.  ‘പേരന്‍മ്പ്’ ഈ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook