കേരള മുഖ്യനെ കാണാൻ ഇന്ന് ഓഫീസിലൊരു സ്പെഷൽ അതിഥിയെത്തി; മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തി സൗഹൃദസന്ദർശനത്തിന് എത്തിയതായിരുന്നു താരം. പിണറായി വിജയന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ ഹാർദ്ദവമായി സ്വീകരിക്കുന്ന മുഖ്യമന്ത്രിയേയും ചിത്രത്തിൽ കാണാം.

താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് മമ്മൂട്ടി. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി.

‘മാമാങ്ക’ത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് താരമിപ്പോൾ. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം നവംബര്‍ 21 ന് റിലീസിന് എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 12 ലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോള്‍ റിലീസ് മാറ്റാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. മാമാങ്കത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്. റിലീസ് തീയതി മാറ്റിയതോടെ ആരാധകര്‍ നിരാശയിലാണ്. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Read more: മമ്മൂട്ടിയുടെ ‘മാമാങ്കം’ നവംബര്‍ 21 ന് എത്തില്ല; റിലീസ് മാറ്റി, ആരാധകര്‍ക്ക് നിരാശ

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.

നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ബിഗ് ബജറ്റ് ചിത്രമായ ‘മാമാങ്കം’ നിർമിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook