വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്. താരം പകർത്തിയ ചിത്രങ്ങൾ മുൻപും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
അടുത്തിടെ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ചില മുഖങ്ങൾ കാണാം. ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെയാണ് ലെന, വീണ നന്ദകുമാർ, സ്രിന്റ എന്നിവരുടെ ചിത്രങ്ങൾ മമ്മൂട്ടി പകർത്തിയത്.

മഞ്ജുവാര്യർ, രമേഷ് പിഷാരടി എന്നിവരുടെ ചിത്രങ്ങളും അടുത്തിടെ മമ്മൂട്ടി പകർത്തിയിരുന്നു.
സിബിഐ 5ന്റെ ഷൂട്ടിനിടയിൽ സംവിധായകൻ കെ. മധുവിന്റെ മമ്മൂട്ടി പകർത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ക്ലിക്ക് ചെയ്യാനുള്ള ആവേശവും ക്ലിക്ക് ചെയ്യപ്പെടാനുള്ള സന്തോഷവും എന്ന ക്യാപ്ഷനോടെയാണ് കെ.മധു ചിത്രം പങ്കുവച്ചത്.
‘ഭാസ്കർ ദ റാസ്കൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നയൻതാരയുടെ ഫൊട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. യഥാർത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിർത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോൾ കൂടി ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോൾ വളരെ കൂളായി പോസ് ചെയ്യുന്ന നയൻസിനെയും വീഡിയോയിൽ കാണാം. ഫോട്ടോയെടുത്ത ശേഷം മമ്മൂട്ടി ക്യാമറ കെെമാറുന്നു. പിന്നീട്, നയൻതാരയ്ക്കൊപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല.