ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ ‘2018’ ന്റെ ടീസർ ലോഞ്ചിനായി എത്തിയതായിരുന്നു മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് രണ്ടു കൊച്ചുതാരങ്ങൾക്കൊപ്പം ഫൊട്ടൊയെടുക്കണമെന്ന ആഗ്രഹം മമ്മൂട്ടി പ്രകടപ്പിച്ചത്. കുട്ടികൾ പരിപാടിയ്ക്കെത്തിയപ്പോൾ തന്നെ മമ്മൂട്ടിയ്ക്കൊപ്പം ചിത്രമെടുക്കണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. ഇതു തന്റെ കൂടി ആഗ്രഹമായി കണ്ട് മമ്മൂട്ടി സാധിച്ചു നൽകുകയായിരുന്നു. “പീയൂഷിന്റെയും ദേവനന്ദയുടെയും കൂടെ ഒരു ഫൊട്ടെയെടുക്കണമെന്ന് ആഗ്രഹമുണ്ട്” എന്നാണ് മമ്മൂട്ടി പറഞ്ഞത്. കുട്ടികൾ ഇരുവരും വേദിയിലെത്തി മമ്മൂട്ടിയ്ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
സിനിമാരംഗത്തു നിന്നുള്ള അനവധി ആളുകൾ ലോഞ്ചിനായി എത്തിയിരുന്നു. ‘2018’ ന്റെ മാത്രമല്ല ‘ചാവേർ’, ‘മാളികപ്പുറം’ എന്നീ ചിത്രങ്ങളുടെ ടീസർ ലോഞ്ചും നടന്നു. കുട്ടികൾക്കൊപ്പം ചിത്രമെടുത്തതിനു പിന്നാലെ മറ്റു താരങ്ങളും മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം വേണമെന്ന് ആവശ്യവുമായെത്തി. മലയാള സിനിമയിലെ നായകന്മാർക്കൊപ്പവും, സംവിധായകർക്കൊപ്പവും ചിത്രങ്ങൾക്കായി പോസ് ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ‘2018’ എന്ന ചിത്രത്തിനായി എല്ലാ മലയാളികളെയും പോലെ താനും കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് മമ്മൂട്ടി വേദിയിൽ നിന്നും മടങ്ങിയത്.
വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘2018’. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ് ആന്റണി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ എന്നിവരെല്ലാം ചിത്രത്തിലുണ്ട്.