തമിഴിലും തെലുങ്കിലും വിജയം നേടി മുന്നേറുന്ന മമ്മൂട്ടിയുടെ ‘പേരൻപി’നെയും ‘യാത്ര’യേയും പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും പ്രേക്ഷകരും. ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടി ഇത്രയേറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇപ്പോഴിതാ, മമ്മൂട്ടിയ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യയും. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് സൂര്യ മമ്മൂട്ടിയെ അഭിനന്ദിക്കുന്നത്.

“ആദ്യം ‘പേരൻപ്’, ഇപ്പോൾ ‘യാത്ര’യും. രണ്ടിനും മികച്ച പ്രതികരണം. എത്ര വ്യത്യസ്തമായ തെരെഞ്ഞെടുപ്പാണ് മമ്മൂക്കാ… സിനിമയുടെ സത്യവും ശുദ്ധിയും കൊണ്ട് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിന് നന്ദി…” സൂര്യ കുറിക്കുന്നു. സൂര്യയുടെ ട്വീറ്റിന് മറുപടിയുമായി അധികം വൈകാതെ മമ്മൂട്ടിയും രംഗത്തെത്തി. “സൂര്യാ നന്ദി! താങ്കൾക്കും കുടുംബത്തിനും സ്നേഹമറിയിക്കുന്നു. ഈ വാക്കുകൾ രണ്ടു ചിത്രങ്ങളുടെയും ടീമംഗങ്ങൾക്ക് സന്തോഷം പകരും.”

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴിലും തെലുങ്കിലുമൊക്കെ മമ്മൂട്ടി അഭിനയിക്കുന്നത്. തിരിച്ചുവരവിൽ ഗംഭീരപ്രകടനം തന്നെ കാഴ്ചവെച്ച മമ്മൂട്ടിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് തമിഴകവും തെലുങ്കു സിനിമാ ഇൻഡസ്ട്രിയും. ഇരു ചിത്രങ്ങളെയും കൈനീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. വൈ എസ് ആറിന്റെ ബയോപിക് ചിത്രമായ ‘യാത്ര’ റിലീസ് ചെയ്ത് മൂന്നു ദിവസങ്ങൾ പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സീറ്റുകൾ ലഭിക്കാത്തതിനാൽ ചിത്രം നിന്ന് കൊണ്ട് കാണുന്ന പ്രേക്ഷകരുടെ തിയേറ്റർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് ‘പേരൻപ്’ പറയുന്നത്. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.

Read more: Peranbu Movie Review: സ്നേഹമാണഖിലസാരമൂഴിയില്‍: ‘പേരന്‍പ്’ റിവ്യൂ

രണ്ടര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ‘യാത്ര’ സംവിധാനം ചെയ്തിരിക്കുന്നത് മഹി വി.രാഘവ് ആണ്. ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബയോപിക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതത്തിലെ ഒരേടാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതം പറയുന്ന സിനിമ എന്ന നിലയില്‍ പുറത്തുവന്ന ‘യാത്ര’യ്ക്ക് ഒരു ‘പ്രൊപ്പഗാന്‍ഡ സിനിമ’യുടെ സ്വഭാവമാണ് ഉള്ളതെങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കണ്ടില്ലെന്നു വെയ്ക്കാനാവില്ല എന്നതാണ് സത്യം. തന്നെ എല്‍പ്പിച്ച കഥാപാത്രത്തെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി തന്നെ അവതരിപ്പിക്കാൻ മമ്മൂട്ടിയ്ക്ക് കഴിയുന്നുണ്ട്. വൈകാരിക രംഗങ്ങളില്‍ ഒട്ടും അതിരു വിടാതെ, എന്നാല്‍ വികാരങ്ങളെ കൃത്യമായി അനുഭവിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് എടുത്തു പറയേണ്ടതാണ്. അതുകണ്ടു തന്നെയാവാം, തങ്ങളുടെ പ്രിയനേതാവ് വൈ എസ് ആറായി മമ്മൂട്ടി പരകായപ്രവേശം നടത്തുമ്പോൾ നിന്നുപോലും സിനിമ കാണാൻ തെലുങ്കർ തയ്യാറാവുന്നത്.

Read more: Yatra Movie Review: ജനമനസ്സുകളിലേക്ക് നടന്നു കയറി മമ്മൂട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook