‘പേരന്‍പി’ന്‍റെ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും പ്രീമിയർ ഷോയും ഇന്നലെ കൊച്ചി ലുലുവിൽ വെച്ചു നടന്നു. സിനിമാലോകത്തു നിന്നും നിരവധിയേറെ പേർ പ്രീമിയർ ഷോയ്ക്ക് വേണ്ടി എത്തിച്ചേർന്നു. ചിത്രം കണ്ടിറങ്ങിയവരെല്ലാം ‘പേരൻപിനെ’യും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെയും മുക്തകണ്ഠം പ്രശംസിക്കുകയാണ്. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. നീണ്ടൊരിടവേളയ്ക്ക് ശേഷം അഭിനയസാധ്യതകളേറെയുള്ള ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടിയിലെ അഭിനയപ്രതിഭയെ തിരിച്ചു തന്ന സംവിധായകൻ റാമിന് ചടങ്ങിനെത്തിയവരെല്ലാം നന്ദി പറഞ്ഞു.സംവിധായകൻ റാം, മമ്മൂട്ടി, സാധന, അഞ്ജലി എന്നിവർക്കൊപ്പം ‘പേരൻപി’ന്റെ അണിയറപ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു.

രൺജി പണിക്കർ, ബി. ഉണ്ണികൃഷ്ണൻ,സത്യൻ അന്തിക്കാട്, സിബി മലയിൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, കമൽ, നിവിൻ പോളി, സിജു വിത്സൻ, ഷറഫുദ്ദീൻ, ലിജോ ജോസ് പെല്ലിശ്ശേരി, അശ്വമേധം പ്രദീപ്, നിമിഷ സജയൻ, അനുശ്രീ, അനുസിത്താര, സംയുക്ത മേനോൻ, രമേഷ് പിഷാരടി, എസ് എൻ സ്വാമി, നാദിർഷ എന്നിവരും പ്രീമിയർ ഷോയ്ക്ക് എത്തുകയും ചിത്രത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

” ചിത്രത്തിലേക്ക് ഈ മമ്മൂട്ടിയെ തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്താണെന്ന് എന്റെ പ്രിയ സംവിധായക സുഹൃത്തുക്കൾ റാമിനോട് ചോദിക്കുന്നതും അതിശയപ്പെടുന്നതും കണ്ടു. ഞാൻ ഈ റോഡിലൂടെ അലഞ്ഞു തിരിഞ്ഞ് നടന്നപ്പോ‍ഴല്ല റാം എന്നെ വിളിച്ചുകൊണ്ടു പോയത്, നിങ്ങളെന്നെ മമ്മൂട്ടിയാക്കിയതിനു ശേഷമാണ് റാം​ എന്നെ കൊണ്ടുപോയത്. എന്നെ ഈ രൂപത്തിൽ, എക്സ്പീരിയൻസ്ഡ് ആയൊരു നടനാക്കി മാറ്റിയതിനു ശേഷമാണ് റാം എന്നെ കൊണ്ടുപോയത്. എന്നെ ഞാനാക്കിയത് മമ്മൂട്ടിയെന്ന നടനാക്കിയത്, നിങ്ങളോരോരുത്തരുമാണ്, എന്‍റെ മുന്‍ സിനിമകളുടെ സംവിധായകരാണ്,” വേദിയിൽ സംസാരിക്കവേ മമ്മൂട്ടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook