മമ്മൂട്ടി ചിത്രമായ കസബയെ നടി പാര്‍വ്വതി വിമര്‍ശിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ പല പോര്‍ മുഖങ്ങളില്‍ ആളിപ്പടരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.  പാര്‍വ്വതിയ്ക്കെതിരെ സഭ്യതയുടെ അതിർവരമ്പുകളൊക്കെ മറികടന്നു താരത്തിന്‍റെ ആരാധകർ. ഇതിന് പുറമെ  ഉപദേശിക്കുകയും ആക്ഷേപിക്കുകയും ചെയ്തുകൊണ്ട്  മലയാള സിനിമയിലെ ചിലരും കൂടി ചേര്‍ന്ന് രംഗം കൊഴിപ്പിച്ചപ്പോള്‍ പാര്‍വ്വതി അവര്‍ക്കെല്ലാം തന്‍റെതായ രീതിയിലുള്ള മറുപടികളുമായി മുന്നോട്ടു വന്നു.  ഈ സമയത്തെല്ലാം  ഉയര്‍ന്നു വന്ന ചോദ്യം ഇതാണ് – എന്ത് കൊണ്ട് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല?

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ പാര്‍വ്വതിയെ ആരാധകര്‍ തന്‍റെ പേരും പറഞ്ഞു അധിക്ഷേപിക്കുമ്പോള്‍ മമ്മൂട്ടിയ്ക്ക് പറയാന്‍ ഒന്നുമില്ലേ?  കുറഞ്ഞ പക്ഷം ‘ഇത് മതിയാക്കൂ’ എന്നെങ്കിലും പറയാന്‍ എന്താണ് ഇത്ര താമസം, പ്രയാസം?

രണ്ട് ദിവസം കഴിഞ്ഞ് റിലീസ് കാത്തിരിക്കുന്ന ‘മാസ്റ്റര്‍പീസ്‌’ വിജയിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ആരാധകരുടെ ‘മൊറേലി’ന് കോട്ടം തട്ടും എന്ന് കരുതിയാണോ? കുട്ടികള്‍ പറയുന്ന ചില കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതില്ല എന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടോ?  അതോ എന്ത് പറയണം, എങ്ങനെ പറയണം എന്ന് സമയമെടുത്ത്‌ ആലോചിക്കുകയാണോ?

ഹോളിവുഡില്‍ മെറില്‍ സ്ട്രീപ് എന്ന ഒരു സൂപ്പര്‍ സ്റ്റാര്‍, ഇത് പോലെ പ്രസക്തമായ മറ്റൊരു വിഷയത്തില്‍ താന്‍ മൗനം പാലിച്ചത് എന്തിന് എന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ മറുപടി പറഞ്ഞിട്ടുണ്ട്.  അത് എത്തേണ്ടയിടത്ത് എത്തിയിട്ടുമുണ്ട്.  കേരളത്തില്‍, ഈയവസരത്തില്‍, ഏറെ പ്രസക്തമാണ് ഈ കുറിപ്പ്.  ആരാധകര്‍ക്ക് വായിക്കാം, അറിയാം, ഇങ്ങനെയും സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ട് എന്ന്.

ഹോളിവുഡില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധ സൂചകമായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ കറുപ്പ് കുപ്പായങ്ങള്‍ ധരിച്ചെത്താന്‍ മെറില്‍ സ്ട്രീപ് അടക്കമുള്ള താരങ്ങള്‍ തീരുമാനിച്ചതിനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് നടി റോസ് മക്ഗോവന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. കുപ്രസിദ്ധമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ വെളിപ്പെടുത്തലുകളുടെ തുടക്കമിട്ട ഹോളിവുഡ് താരമാണ് മക്ഗോവന്‍. പിന്നീട് നീക്കം ചെയ്ത റോസിന്റെ ട്വീറ്റില്‍ സ്ട്രീപ് അടക്കമുള്ള താരങ്ങള്‍ ഹാര്‍വിയുടെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞിരുക്കുമ്പോള്‍ തന്നെ വര്‍ഷങ്ങളോളം അയാളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു എന്നും ആരോപിച്ചു. അതിനോട് വിശദമായ പ്രസ്താവനയിലൂടെ ഇപ്പോള്‍ മെറില്‍ സ്ട്രീപ് പ്രതികരിച്ചിരിക്കുന്നു.

ഹാര്‍വിയുടെ സ്വഭാവത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന് മാത്രമല്ല, അയാള്‍ നിര്‍മാതാവായിരുന്നതിനാല്‍ 1998ല്‍ അയാളുടെ ഓഫീസില്‍ വച്ച് ഒരൊറ്റ തവണ മാത്രമാണ് താന്‍ അയാളെ കണ്ടിട്ടുള്ളത് എന്നും സ്ട്രീപ് ഈ പ്രസ്താവനയില്‍ പറയുന്നു. മറ്റുള്ളവരുടെ വിശ്വാസം നേടാനായി തന്നെപ്പോലുള്ളവരുമായി അടുപ്പമുണ്ട് എന്ന് വരുത്തി തീര്‍ക്കേണ്ടത് അയാളുടെ ആവശ്യമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ നിന്നും സ്വരൂപിച്ച പണം ഇത്തരത്തില്‍ ലൈംഗിക പീഡനത്തിനിരായ/അതിജീവിച്ചവര്‍ നടത്തുന്ന നിയമ നടപടികള്‍ക്ക് സഹായകമാവും എന്നും സ്ട്രീപ് സൂചിപ്പിച്ചു.

മക്ഗോവന്റെ പ്രസ്താവന വായിച്ചപ്പോള്‍ മുതല്‍ അവരുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അത് സാധിച്ചില്ലെന്നും സ്ട്രീപ് പറഞ്ഞു. ഹഫിങ്‌ടൺ പോസ്റ്റിന്  നൽകിയ സ്ട്രീപ്പിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം ഇവിടെ വായിക്കാം

“കഴിഞ്ഞ ദിവസം മാധ്യമ തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ട റോസ് മക്ഗോവന്റെ പരാമര്‍ശങ്ങള്‍ എന്നെ വേദനിപ്പിച്ചു. എന്നാല്‍, റോസ് ആക്രമിക്കപ്പെട്ട തൊണ്ണൂറുകളിലോ അതിനുശേഷമോ എനിക്ക് വെയ്ന്‍സ്റ്റെയ്നിന്റെ കുറ്റകൃത്യങ്ങളെപ്പറ്റി യാതൊന്നും അറിയില്ലായിരുന്നു എന്ന സത്യം ഞാന്‍ റോസിനെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ മനപ്പൂര്‍വം നിശബ്ദയായിരുന്നതല്ല. എനിക്കറിയില്ലായിരുന്നു. ഞാന്‍ ബലാത്സംഗത്തിനു മൗനാനുവാദം നല്‍കില്ല. എനിക്ക് അറിയുമായിരുന്നില്ല. യുവതികള്‍ ആക്രമണത്തിന് ഇരയാവുന്നത് എനിക്കിഷ്ടമല്ല. ഈ സംഭവങ്ങള്‍ നടക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.

ഹാര്‍വിയുടെ വീട് എനിക്കറിയില്ല. അയാള്‍ എന്റെ വീട്ടിലും വന്നിട്ടില്ല. ഒരിക്കലും അയാളെന്നെ ഒരു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടില്ല.

‘മ്യുസിക് ഫോര്‍ ഹാര്‍ട്ടി’നു  വേണ്ടി വെസ് ക്രെവനുമായി സംസാരിക്കാന്‍ 1998ല്‍ ഒരിക്കല്‍ മാത്രം ഞാന്‍ അയാളുടെ ഓഫിസില്‍ പോയിട്ടുണ്ട്.

ഞാന്‍ മറ്റു പലരുമായി ചേര്‍ന്നുണ്ടാക്കിയ ചിത്രങ്ങള്‍ ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ വിതരണം ചെയ്തിട്ടുണ്ട്.

അയാള്‍ ഒരു ഫിലിംമേക്കര്‍ ആയിരുന്നില്ല. മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ വിതരണം നടത്തുന്ന ഒരു നിര്‍മാതാവായിരുന്നു അയാള്‍. ഈ ചിത്രങ്ങളില്‍ ചിലത് മഹത്തായവയായിരുന്നു; ചിലത് മറിച്ചുള്ളവയും. എന്നാല്‍, അയാള്‍ നിര്‍മിച്ച നിരവധി ചിത്രങ്ങളുടെ സംവിധായകരും അഭിനേതാക്കളും അയാള്‍ റോസിനെ ബലാത്സംഗം ചെയ്തതായോ അതിനുശേഷം മറ്റു പലരെയും പീഡിപ്പിച്ചതായോ ഈ സ്ത്രീകള്‍ വെളിപ്പെടുത്തും വരെ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അയാളും സംഘവും ചേര്‍ന്ന് ഈ സ്ത്രീകളുടെ മൗനം വിലയ്ക്ക് വാങ്ങിയിരുന്നു എന്നും റിഞ്ഞിരുന്നില്ല.

ഇതൊന്നും ഞങ്ങള്‍ അറിയരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സിനിമാഭിമുഖ്യമുള്ള പുതിയ യുവതികളെ തന്നിലേക്കു ആകര്‍ഷിക്കാനുതകുന്ന വിശ്വാസ്യത അയാള്‍ക്ക് നേടിക്കൊടുത്തത് ഞങ്ങളുമായുള്ള ബന്ധങ്ങള്‍ ആയിരുന്നു.

എനിക്കയാളെ ആവശ്യമുള്ളതിലേറെ അയാള്‍ക്കെന്നെ ആവശ്യമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഞാന്‍ ഒന്നും അറിയാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചു. ഈ വസ്തുതകള്‍ പരസ്യമാവാതിരിക്കാന്‍ മുന്‍-മൊസാദ് എജന്റുകളെ അയാള്‍ നിയമിച്ചിരുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്.  എന്ത് വിലകൊടുത്തും ജയം മാത്രം നേടുന്ന, അതിശക്തരായ, ക്രൂരത കൈമുതലാക്കിയ ഒരു സംഘത്തെയാണ് റോസടക്കമുള്ള ഇരകള്‍ക്ക് നേരിടേണ്ടി വന്നത്. ഈ അക്രമി സംഘത്തെ തകര്‍ക്കാനും ഇരകള്‍ക്ക് നിയമപരമായി പോരാടാനും വേണ്ടിയാണ് ഇതേ രംഗത്തെ നല്ല മനുഷ്യരുടെ സഹകരണത്തോടെ ഇപ്പോള്‍ ഫണ്ട് സ്വരൂപിക്കുന്നത്.

എന്നെക്കുറിച്ച് അസത്യമായ ഒരു കാര്യം റോസ് വിചാരിക്കുകയും അത് പരസ്യമായി ആരോപിക്കുകയും ചെയ്തു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വാര്‍ത്ത കണ്ട നിമിഷം തന്നെ റോസിനെ അറിയാവുന്ന സുഹൃത്തുക്കള്‍ വഴി അവരുടെ നമ്പര്‍ വാങ്ങി എന്റെ വീട്ടിലെ നമ്പരില്‍ നിന്നും അവരെ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിക്കുന്നു.

റോസടക്കമുള്ള ധീരകളായ സ്ത്രീകളോടുള്ള എന്റെ ആദരവും പിന്തുണയും അവരെ അറിയിക്കാന്‍ ഞാന്‍ അവരുമായി സംസാരിക്കാന്‍ ശ്രമിച്ചു. വെയ്ന്‍സ്റ്റെയ്നും അനുയായികളും തട്ടിയെടുത്ത സ്വന്തം ശരീരത്തിനു മേലുള്ള അവരുടെ നിയന്ത്രണവും ജീവിതം കരുപ്പിടിപ്പിക്കാനുള്ള കഴിവും ആര്‍ക്കും മടക്കി കൊടുക്കാന്‍ ആവില്ല. റോസ് എന്നെ കേള്‍ക്കുമെന്ന് ഞാന്‍ ആശിച്ചു. അതുണ്ടായില്ല. ഇതവര്‍ വായിക്കുമെന്ന പ്രതീക്ഷയാണ് എനിക്കിപ്പോള്‍.

റോസ് എന്നെ ഒരു ശത്രുവായി കാണുന്നതില്‍ എനിക്ക് ദുഖമുണ്ട്. ഞാനും റോസും ഈ മേഖലയിലെ മറ്റെല്ലാ സ്ത്രീകളും ഒരുമിച്ച് അതിശക്തമായ ഒരു വ്യവസ്ഥക്ക് എതിരായി നില്‍ക്കാന്‍ ശ്രമിക്കുകയാണ്. തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന മുകള്‍ത്തട്ടിലേക്ക് സ്ത്രീകളെ കയറ്റാതിരുന്ന, അവരെ പീഡിപ്പിച്ചുപയോഗിച്ചിരുന്ന പഴയ കാലത്തേക്ക് തിരിച്ചുപോകാന്‍ വെമ്പുന്ന ഒരു വ്യവസ്ഥ. ഈ യുദ്ധത്തില്‍ വിജയിക്കണമെങ്കില്‍, മാറ്റങ്ങള്‍ ആരംഭിക്കണമെങ്കില്‍ ഇവിടത്തെ എല്ലാ മുറികളും വൃത്തിയാക്കപ്പെടേണ്ടതുണ്ട്; എല്ലാം ഒരുമിച്ച് ചേര്‍ക്കേണ്ടതുണ്ട്.”

ആഞ്ജലീന ജോളി  അടക്കം ഹോളിവുഡിലെ പ്രശസ്തരായ 75ലധികം  അഭിനേത്രികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പല രീതിയില്‍ അപമര്യാദയായി പെരുമാറിയെന്നും ഉള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെ കുറ്റാരോപിതനായ നിര്‍മാതാവാണ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook