ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത കടുത്ത അനിശ്ചിതത്വങ്ങളിലൂടെയാണ് മലയാളസിനിമയും ഇന്ന് കടന്നുപോവുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് തിയേറ്ററുകൾ അടക്കുന്നത്. തിയേറ്റർ റിലീസ് ഷെഡ്യൂൾ ചെയ്ത നിരവധി ചിത്രങ്ങൾ അതോടെ അനിശ്ചിതത്വത്തിലായി. ലോക്ക്ഡൗൺ വന്നതോടെ ഷൂട്ടിംഗുങ്ങൾ മുടങ്ങുകയും പ്രീ പ്രൊഡക്ഷൻ- പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോവുകയും ചെയ്തു. നിയന്ത്രണങ്ങളോടെ ഷൂട്ടിംഗും മറ്റു അനുബന്ധജോലികൾക്കും സർക്കാർ അനുവാദം കൊടുത്തുവെങ്കിലും തിയേറ്ററുകൾ എന്ന് തുറക്കാൻ കഴിയുമെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥകൾ ഇതുവരെ നീങ്ങിയിട്ടില്ല.
കൊറോണയുടെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല ചിത്രങ്ങളും ഒടിടി റിലീസിനായി തയ്യാറെടുക്കുന്നുവെന്നാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ. ജയസൂര്യ നായകനായി എത്തിയ ‘സൂഫിയും സുജാതയും’, വിപിൻ ആറ്റ്ലിയുടെ ‘മ്യൂസിക്കൽ ചെയർ’ തുടങ്ങിയ ചിത്രങ്ങൾ ഇതിനിടെ ഒടിടി റിലീസ് ചെയ്തിരുന്നു. ബോളിവുഡിലും ആറോളം ചിത്രങ്ങൾ ഇതിനകം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയുണ്ടായി.
മമ്മൂട്ടിയുടെ ‘വൺ’, ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്നിവയും ഓടിടി റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ‘വൺ’.
പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ‘വൺ’. ഇച്ചായീസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ചിറകൊടിഞ്ഞ കിനാവുകളെ’ന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥാണ്. ബോബി- സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജോജു ജോര്‍ജ്ജ്, സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, മേഘനാഥന്, മുകുന്ദന്, രശ്മി ബോബന്, സുധീര്‍ കരമന, വെട്ടുക്കിളി പ്രകാശ്, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര് വൈദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്കിയിരിക്കുന്നു. എഡിറ്റിങ്ങ് നിഷാദ്.
Read more: മുഖ്യമന്ത്രിയായി മമ്മൂട്ടി, ‘വൺ’ രണ്ടാമത്തെ ടീസർ
കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവയ്ക്കുന്ന ആദ്യ മലയാള സിനിമകളിൽ ഒന്ന് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ആയിരുന്നു. തിയേറ്ററുകൾ അടക്കാനുള്ള തീരുമാനം വരുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ സംവിധായകർ റിലീസ് മാറ്റിവെച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഒരു ട്രാവൽ മൂവിയാണ് ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’.
“ഫീൽ ഗുഡ് ഴോണറിൽ വരുന്ന ചിത്രം. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവരു കാണുന്ന കാഴ്ചകൾ, അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്കാരികവും- സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോവുകയാണ്. ജിയോ ചേട്ടന്റെ മുൻപത്തെ ചിത്രങ്ങൾ ‘കുഞ്ഞു ദൈവം’, ‘രണ്ട് പെൺകുട്ടികൾ’- രണ്ടും എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. വളരെ ഹ്യൂമറസായ, മൂർച്ഛയോടെ കൊള്ളേണ്ടിടത്ത് കൊള്ളുന്ന ചില ഡയലോഗുകളുണ്ട് അതിൽ. അങ്ങനെയുള്ള ചില കാര്യങ്ങൾ ഈ ചിത്രത്തിലുമുണ്ട്,” ചിത്രത്തെ കുറിച്ച് ടൊവിനോ തോമസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.