ദി ഗ്രേറ്റ് ഫാദർ സിനിമയുടെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി. പ്രേക്ഷകരാണ് ഈ വിജയത്തിന്റെ അവകാശികളെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ വിജയം പങ്ക് ‌വയ്ക്കാനായി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ആര്യയും നിർമ്മാതാവ് ഷാജി നടേശനും കൂടെയുണ്ടായിരുന്നു.

“ഗ്രേറ്റ് ഫാദർ പുതിയ വിജയഗാഥകൾ രചിക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. സിനിമ കണ്ട് പ്രേത്സാഹിപ്പിച്ച് സിനിമയെ വിജയമാക്കി പുതിയ വിജയ ചരിത്രങ്ങളുണ്ടാക്കിയതും പ്രേക്ഷകരാണ്. അവർക്കാണ് ഈ സിനിമയുടെ വിജയത്തിന്റെ അവകാശം. അതിൽ ചെറിയൊരു പങ്ക് ഞങ്ങൾക്കും തരൂവെന്നേ പറയാനുളളൂ. നിർമാണ സമയത്തും ചിത്രീകരണ സമയത്തും പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും കഷ്‌ടപ്പെട്ട് അധ്വാനിച്ച ഒരുപാട് പേർ ഈ സിനിമയുടെ പിറകിലുണ്ട്. അവർക്കെല്ലാം വേണ്ടി ഞങ്ങൾ നിങ്ങളോട് നന്ദി പറയുന്നു”- മമ്മൂട്ടി പറഞ്ഞു. സിനിമ വിജയിപ്പിച്ചതിലുളള ഞങ്ങളുടെ നന്ദി നിങ്ങളോട് അറിയിക്കുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

ഏതൊരു നടനെയും സംബന്ധിച്ച് മമ്മൂട്ടിയുടെ അഭിനയിക്കുന്നത് സ്വപ്‌ന സാക്ഷാത്കാരമാണ്. എന്നാൽ പല സിനിമകളും കണ്ട് ആരാധകനായ ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനായതിൽ ഒരു പാട് സന്തോഷമുണ്ടെന്ന് ആര്യ പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഗ്രേറ്റ് വിക്‌ടറിയായ ഒരു സിനിമ നിർമ്മിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് നിർമാതാക്കളിലൊരാളായ ഷാജി നടേശൻ പറഞ്ഞു.

ഹനീഫ് അദേനിയൊരുക്കിയ ഗ്രേറ്റ് ഫാദർ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഡേവിഡ് നൈനാൻ എന്ന ശക്തമായ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിത്തിലെത്തിയത്. ആൻഡ്രൂസ് ഈപ്പനെന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ആര്യ അഭിനയിച്ചിരിക്കുന്നത്. ഗ്രേറ്റ് ഫാദർ അതിവേഗത്തിൽ 20 കോടി നേടിയെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ