ഇടുക്കി രാജമലയിലെ ഉരുൾപൊട്ടലിലും, കരിപ്പൂർ വിമാനാപകടത്തിലും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ പ്രശംസിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി. നമുക്ക് ഒട്ടും പരിചിതമല്ലാത്ത വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നതെന്നും എന്നാൽ ഇക്കാലത്ത് എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ കാലത്ത് മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ നമ്മൾ കണ്ടതാണെന്നും പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.

നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.
പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ.
നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം .
സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം.

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ്…

Posted by Mammootty on Sunday, 9 August 2020

രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ സൂപ്പർസ്റ്റാർ മോഹൻലാലും പ്രശംസിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും മറുചിന്തകളില്ലാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നതായി താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More: ‘ഇതുപോലുള്ള നിസ്വാർത്ഥ നടപടികളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്’: രക്ഷാ പ്രവർത്തനം നടത്തിയവരെ പ്രശംസിച്ച് മോഹൻലാൽ

“എന്നേക്കും കടപ്പെട്ടിരിക്കുന്നു. മഹാമാരിയുടെ സാഹചര്യം വകവയ്ക്കാതെ കരിപ്പൂരിലും രാജമലയിലും മറ്റു ചിന്തകളില്ലാതെ സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി. ഇതുപോലുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. രാജമലയിൽ ഈ കടുത്ത കാലാവസ്ഥയിൽ പോലും സന്നദ്ധപ്രവർത്തകർ പരമാവധി പരിശ്രമിക്കുന്നു.പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥനകൾ,” മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Forever indebted

Thanks to all the volunteers and officials who helped without second thoughts at Karipur and…

Posted by Mohanlal on Saturday, 8 August 2020

 

Read More: ഭീതിയില്ലാതെ കരുതലിന്റെ കരങ്ങൾ; രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത് നാട്ടുകാരുടെ ഇടപെടൽ

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെയും രക്തദാനത്തിന് സന്നദ്ധരായവരെയും ചലച്ചിത്ര താരങ്ങളടക്കം പല പ്രമുഖരും സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ അഭിനന്ദിച്ചിരുന്നു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടി രക്തം ദാനം ചെയ്യാൻ തയ്യാറായി കോഴിക്കോട്ടെ ആശുപത്രികളിലെത്തിയവരെ നടൻ കുഞ്ചാക്കോ ബോബൻ പ്രശംസിച്ചിരുന്നു.

“കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്…. ഇതാണ് കരുതൽ,” കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More:  ഈ കാരുണ്യത്തിനും മനുഷ്യത്വത്തിനും മുന്നിൽ ഞങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു: നന്ദി പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്സ്

കരിപ്പൂർ വിമാനാപകടത്തിൽ സിനിമാതാരങ്ങൾ അനുശോചനം അറിയിച്ചിരുന്നു. “കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്. നമുക്കിടയിലെ ഭാഗ്യവാന്മാർ, സുഖസൗകര്യങ്ങളിൽ ഇരുന്ന് ലോകം പഴയരീതിയിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ മറ്റു പലർക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ഈ വിഷമഘട്ടത്തെ അതിജീവിക്കാനും മുന്നോട്ടുപോവാനുമുള്ള ശക്തി എല്ലാവർക്കും ഉണ്ടാവട്ടെ. രാജമലയിലും കോഴിക്കോടും ഇന്ന് നമ്മളെ വിട്ടുപോയവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നു, പ്രാർത്ഥനകൾ,” എന്നാണ് നടൻ പൃഥ്വിരാജ് കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook