പ്രാഞ്ചിയേട്ടന്റെ വീടിനും മനസിനും ‘കാവൽക്കാരനാ’യ ഈയപ്പൻ എന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. രഞ്ജിത്ത് ചിത്രം ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പ്രാഞ്ചിയേട്ടൻ എന്ന കഥാപാത്രത്തിന്റെ വിശ്വസ്തനായ വീട്ടുവേലക്കാരൻ ഈയപ്പൻ ആയെത്തിയത് കലിംഗ ശശിയായിരുന്നു. ഇന്ന് കോഴിക്കോട് മരണമടഞ്ഞ കലിംഗ ശശിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മമ്മൂട്ടി.
‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്- മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു കലിംഗശശിയുടെ സിനിമാ അരങ്ങേറ്റവും.
മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, നിവിൻപോളി, ടൊവിനോ തോമസ്, അജുവർഗീസ്, അനു സിതാര, ജോജു ജോർജ്, ഹണി വർഗീസ്, ഇർഷാദ് അലി തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അമ്പതൊമ്പതുകാരനായ കലിംഗ ശശിയുടെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ പ്രഭാവതി.
വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നാടക രംഗത്തെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് കലിംഗ ശശി സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ ‘മുൻഷി ‘എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു.
1998 ൽ ‘തകരച്ചെണ്ട’ എന്ന ചിത്രത്തിലൂടെയാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി. രഞ്ജിത്ത് ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ യിലൂടെ വെളളിത്തിരയിലേക്ക് രണ്ടാം വരവ് നടത്തി.
‘കേരളാകഫേ’, ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’, ‘ഇന്ത്യന്‍ റുപ്പി’, ‘ആമേന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’, ‘വെള്ളിമൂങ്ങ’, ‘ആദമിന്റെ മകന്‍ അബു’ തുടങ്ങി 250 ലേറെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read more: പ്രമുഖ നടൻ കലിംഗ ശശി അന്തരിച്ചു