മാസത്തിൽ ഒരിക്കൽ മമ്മൂട്ടി തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മമ്മൂട്ടി പൊതുവെ ആരാധകരെ ഞെട്ടിക്കുക. ഈ തവണയും അതിന് മാറ്റമില്ല. അടിപൊളി ലുക്കിൽ ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. എന്നാൽ കണ്ടു ശീലിച്ചത് കൊണ്ട് ഞെട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്.
‘സ്റ്റേ ഹോം, സേഫ് സേഫ്’ എന്ന ഇംഗ്ലീഷ് അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നീലയിൽ വെള്ള വരകളുള്ള ഷർട്ട് ധരിച്ച് സോഫയിലിരിക്കുന്നതാണ് ചിത്രം. നീട്ടി വളർത്തിയിരിക്കുന്ന മുടിയും താടിയുമാണ് ഈ തവണ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം ഇതിനോടകം ചിത്രം വൈറലായി കഴിഞ്ഞു.
‘മമ്മൂക്ക വീട്ടിലിരുന്ന് വെറുതെ ഫോട്ടോയിട്ടാൽ ഇൻസ്റ്റഗ്രാമിൽ തീയാണെന്നാണ്’ ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ടോവിനോ തോമസ്, ജോജു ജോർജ്, രമേശ് പിഷാരടി തുടങ്ങിയ നടന്മാരും മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്.
Read Also: ലോക്ക്ഡൗൺകാല ബോറടി മാറ്റാം; ഇതാ, ലാലേട്ടന്റെ 80 സിനിമകൾ ഓൺലൈനായി കാണാം
കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിരുന്നു. ‘ദ പ്രീസ്റ്റ്’, ‘വൺ’ എന്നീ സിനിമകളാണ് അടുത്തിടെ മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയത്. ഇതിൽ ‘ദ പ്രീസ്റ്റ്’ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടിയിരുന്നു.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘പ്രീസ്റ്റി’ൽ മമ്മൂട്ടി ഒരു പുരോഹിതനായാണ് എത്തുന്നത്. അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകൾ പരിഹരിക്കാനുള്ള അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ബേബി മോണിക്ക, നിഖില വിമൽ, സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു.