മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പരോളി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യഥാർത്ഥ കഥയിൽനിന്നും ഉൾക്കൊണ്ട പ്രചോദനം എന്ന ടാഗ്‌ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പരോൾ ഒഫീഷ്യൽ പോസ്റ്റർ എന്ന തലക്കെട്ടോടു കൂടിയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.
Read More: മമ്മൂട്ടി ‘പരോളി’ല്‍
ഇന്നു വൈകിട്ട് പോസ്റ്റർ പുറത്തുവിടുമെന്ന് മമ്മൂട്ടി നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പക്ഷേ അതുവരെ കാത്തു നില്‍ക്കാന്‍ അക്ഷമരായ ആരാധകര്‍ ‘പരോള്‍’ ഫസ്റ്റ് ലുക്ക് ആണെന്ന് പറഞ്ഞ് ഒരു പോസ്റ്റർ സോഷ്യല്‍ മീഡിയില്‍ ആഘോഷിച്ചിരുന്നു. പക്ഷേ അത് ആരാധകർ നിർമ്മിച്ചതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
ശരത് സന്‍ദിത് ആണ് ‘പരോളി’ന്‍റെ സംവിധായകന്‍. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തുന്നു. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.