മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് സിനിമ പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിന് പേരിട്ടു. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലായ ‘മധുരരാജ’ പ്രഖ്യാപിച്ചത്. പോക്കിരിരാജയുടെ സംവിധായകൻ വൈശാഖ് ആണ് മധുരരാജയും ഒരുക്കുന്നത്.

പോക്കിരിരാജ പുറത്തിറങ്ങി 8 വർഷങ്ങൾക്കുശേഷമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ സഹോദരന്റെ വേഷമായിരുന്നു പൃഥ്വിക്ക്. ചിത്രം മെഗാ ഹിറ്റായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് ഉണ്ടാവുമോയെന്ന് വ്യക്തമല്ല.

മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമയെന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നാണ് സംവിധായകൻ വൈശാഖ് ഫെയ്സ്ബുക്കിൽ കുറിച്ചത്. 8 വർഷത്തെ കാത്തിരിപ്പാണ് ഈ സിനിമയെന്നും ഓഗസ്റ്റ് 9 ന് ഷൂട്ടിങ് തുടങ്ങുമെന്നും വൈശാഖ് അറിയിച്ചിട്ടുണ്ട്.

പോക്കിരിരാജയുടെ തുടർച്ചയല്ല രണ്ടാം ഭാഗമെന്നും രാജ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണെന്നുമാണ് സംവിധായകൻ വൈശാഖ് നേരത്തെ അറിയിച്ചത്. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്.

പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ സിനിമകളുടെ ക്യാമറാമാൻ ഷാജി കുമാര്‍ ആണ് മധുരരാജയ്ക്കും ക്യാമറ ചലിപ്പിക്കുന്നത്. ഗോപി സുന്ദറാണ് ഗാനങ്ങൾ ഒരുക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ