താരങ്ങൾ കടന്നുവന്ന വഴികളെയും പ്രതിസന്ധികളെയുമെല്ലാം അടുത്തറിയാൻ ആരാധകർക്ക് എപ്പോഴും ആവേശമാണ്. അതുകൊണ്ടു തന്നെയാണ് താരങ്ങളുടെ പഴയകാല അഭിമുഖങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലും മറ്റും വർഷങ്ങൾക്കിപ്പുറവും ചർച്ചയാവുന്നത്. മമ്മൂട്ടിയുടെ ഒരു പഴയകാല വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മനോരമ ചാനലിന്റെ ‘നേരേ ചൊവ്വെ’ എന്ന പരിപാടിയിൽ സംസാരിക്കുകയാണ് മമ്മൂട്ടി. ചോദ്യങ്ങൾക്കെല്ലാം ഉള്ളുതുറന്ന് മറുപടി നൽകുന്ന മമ്മൂട്ടിയുടെ വാക്കുകളിൽ നിറയുന്നതത്രയും അഭിനയത്തോടുള്ള ഇനിയും അടങ്ങാത്ത ആവേശമാണ്. “എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാർത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാൻ താലോലിച്ച സ്വപ്നമായിരുന്നു അത്,” സിനിമയോടുള്ള തന്റെ നിത്യപ്രണയത്തെ കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ.

സിനിമയിൽ അഭിനയിക്കുന്ന നടൻ എന്ന രീതിയിൽ തനിക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ടെന്നും തന്റെ ആഗ്രഹങ്ങളാണ് ഇവിടം വരെ എത്തിച്ചതെന്നും താരം മനസ്സു തുറന്നു. “എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാൻ കണ്ടെത്തിയിരുന്നില്ല. മറ്റു നടന്മാർ അഭിനയിക്കുന്നത് കാണുമ്പോൾ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ആ ആഗ്രഹം കൊണ്ട് ഞാൻ വളർത്തിയെടുത്ത, ഞാൻ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോൾ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്.”

Read more: ഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം

മമ്മൂട്ടിയ്ക്ക് തലക്കനമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനും മമ്മൂട്ടി ഉത്തരം നൽകി. തനിക്കൊരു താരമായി തോന്നുന്നില്ലെന്നും ഒരു താരം എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. “തലക്കനത്തിന്റെ സത്യസന്ധമായ കുമ്പസാരം എന്നു പറയുന്നത്, എനിക്കൊരു താരമായി എന്റെ മനസ്സിൽ തോന്നിയിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് ഞാൻ താരമെന്ന പദവി തലയിൽ കൊണ്ടുനടക്കാത്തത്. അർഹിക്കാത്ത സ്ഥാനത്ത് എന്നെ കൊണ്ട് ഇരുത്തിയതിന്റെ കുഴപ്പമാവും. സൈക്കോളജിക്കലി എന്നെ മെയിന്റെൻ ചെയ്യാൻ എനിക്കറിയില്ല.” ജീവിതത്തിലുണ്ടായിരുന്ന ദുശ്ശീലമായ സിഗരറ്റ് വലി നിറുത്തിയതിനെ കുറിച്ചും അഭിമുഖത്തിനിടയിൽ മമ്മൂട്ടി മനസ്സു തുറന്നു.

‘മമ്മൂട്ടിയുടെ ഏറ്റവും ജെനുവിൻ ആയ അഭിമുഖങ്ങളിൽ ഒന്ന്’, ‘ഈ ഇന്റർവ്യൂ കണ്ടപ്പോൾ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു’ എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook