മമ്മൂട്ടിയും നസ്രിയയും- മലയാളസിനിമയുടെ രണ്ടു ജനറേഷനുകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങൾ. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്. ബ്ലെസി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുമ്പോൾ നസ്രിയയ്ക്ക് കഷ്ടിച്ച് 12 വയസ്സാണ് പ്രായം. വർഷങ്ങൾക്കിപ്പുറം ജനപ്രിയ നായികയായി സിനിമയിൽ സ്ഥാനമുറപ്പിക്കാനും നസ്റിയയ്ക്ക് ആയി. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത നസ്രിയ വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ്.

ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടെ യുവതാരം ഗ്രിഗറിയെടുത്ത ‘മെഗാ’സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടിയ്ക്ക് അരികെ ചിരിയോടെ ഇരിക്കുന്ന നസ്രിയയും ഗ്രിഗറിയും. ഗ്രിഗറി തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ഏതാ വിൻഡോ സൈഡിൽ ഇരിക്കുന്ന ആ ചുള്ളൻ,” തുടങ്ങിയ കമന്റുകളുമായി മമ്മൂട്ടി ആരാധകരും രംഗത്തുണ്ട്.

ദുൽഖർ സൽമാന്റെ ‘എബിസിഡി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജേക്കബ് ഗ്രിഗറി. ‘1983’, ‘സലാല മൊബൈൽസ്’, ‘100 ഡെയ്സ് ഓഫ് ലവ്’, ‘ജോമോന്റെ സുവിശേഷങ്ങൾ’, ‘മന്ദാരം’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രിഗറിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മമ്മൂട്ടി നായകനാവുന്ന ‘ഉണ്ട’യാണ്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. മമ്മൂട്ടിയേയും ജേക്കബ് ഗ്രിഗറിയേയും കൂടാതെ ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ ലോപസ് എന്നിവരാണ് മറ്റു താരങ്ങള്‍.

കാസര്‍ഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഈദ് റിലീസായി എത്തുന്ന ചിത്രം ജൂൺ ആറിനാവും തിയേറ്ററുകളിലെത്തുക.

Read more: Eid release malayalam films 2019: ഈദ് റിലീസായി എത്തുന്ന മലയാളം ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook