മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളായ കുഞ്ഞച്ചനും ബിലാല്‍ ജോണ്‍ കുരിശിങ്കലും തിയേറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് നേരത്തേ സംവിധായകന്‍ അമല്‍ നീരദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിധുന്‍ മാനുവല്‍ തോമസ് പ്രേക്ഷകരെ ഞെട്ടിച്ചത്.
ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുന്നുവെന്നു അമല്‍നീരദും അറിയിച്ചിട്ടുണ്ട്. ഒരുപാട് വൈകില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അമല്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ചിത്രം പുറത്തിറക്കാനാണ് പദ്ധതി. ആദ്യഭാഗം റിലീസായി പത്തുവര്‍ഷം തികയുമ്പോഴാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദുല്‍ഖറോ പ്രണവോ ചിത്രത്തില്‍ ഉണ്ടായേക്കാമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
1990ല്‍ തിയേറ്ററുകളില്‍ എത്തിയ കോട്ടയം കുഞ്ഞച്ചന്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. മുട്ടത്ത് വര്‍ക്കിയുടെ കഥയില്‍ ഡെന്നിസ് ജോസഫ് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ടി.എസ്.സുരേഷ് ബാബു ആയിരുന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വരികയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ 2 നിര്‍മ്മിക്കുന്നത്.