scorecardresearch

ആൾക്കൂട്ടത്തിന്‍റെ, ആൺകൂട്ടത്തിന്‍റെ കരണത്തടിക്കുന്ന ‘അങ്കിള്‍’

നന്മയുടെ ആള്‍രൂപമല്ലാത്ത, അമാനുഷികനല്ലാത്ത ഒരു മമ്മൂട്ടി കഥാപാത്രത്തെ കാലങ്ങള്‍ക്കു ശേഷം കാണിച്ചു തന്ന ചിത്രം

uncle,malayalam film,review

മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ എന്നും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ്‌ ദാമോദര്‍ ഒരുക്കുന്ന ‘അങ്കിളി’ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് വില്ലനായ നായകനെയാണെന്ന് അറിഞ്ഞു തുടങ്ങിയപ്പോള്‍ മുതലുള്ള ആകാംക്ഷയുടെ പാരമ്യത്തിലായിരിക്കും ഓരോ പ്രേക്ഷകനും ഇന്ന് ആ ചിത്രം കാണാന്‍ തിയേറ്ററിലെത്തിയിരിക്കുക.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ‘ഷട്ടര്‍’ എന്ന സിനിമയ്ക്കു ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്നു എന്നതും ‘അങ്കിളി’ന്‍റെ മുഖ്യ ആകര്‍ഷണമാണ്. ചിത്രത്തിന്‍റെ ട്രെയിലറും പാട്ടുമെല്ലാം കാഴ്ചക്കാരില്‍ ഒട്ടൊരു കൗതുകവും നിറച്ചിരുന്നു.

ഊട്ടിയിലെ കോളേജില്‍ പഠിക്കുന്ന ശ്രുതി (കാര്‍ത്തിക മുരളി), വിദ്യാര്‍ത്ഥി സംഘര്‍ഷവും സമരവും മൂലം കോഴിക്കോട്ടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങുകയും, വഴിയില്‍ അച്ഛന്റെ സുഹൃത്ത് കൃഷ്ണകുമാര്‍ മേനോന്‍ (മമ്മൂട്ടി) എന്ന കെകെയെ കാണുകയും ചെയ്യുന്നു. കെകെയ്‌ക്കൊപ്പം ശ്രുതി നാട്ടിലേക്ക് തിരിക്കുന്നതും ആ യാത്രയിലുടനീളമുള്ള സംഭവങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. സുഹൃത്തായതുകൊണ്ടു തന്നെ കെകെയുടെ എല്ലാ വിധ സ്വഭാവദൂഷ്യങ്ങളെക്കറിച്ചും അറിയാവുന്ന വിജയന്‍ (ജോയ് മാത്യു) തന്‍റെ മകള്‍ നാട്ടിലേക്ക് വരുന്നത് അയാള്‍ക്കൊപ്പമാണെന്ന് അറിയുന്നതിനെ തുടര്‍ന്നനുഭവിക്കുന്ന മാനസിക സംഘര്‍ഷം. തന്‍റെ സുഹൃത്തിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഭാര്യയോട് പറയാന്‍ കഴിയാതെ അയാള്‍ അനുഭവിക്കുന്ന പ്രയാസം.

പെണ്‍കുട്ടികളുള്ള രക്ഷിതാക്കളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളാണിവരുടേത്. ഒരുഭാഗത്ത് അങ്കിളും ശ്രുതിയുമൊന്നിച്ചുള്ള യാത്രയും മറുവശത്ത് വിജയനും ഭാര്യയും തമ്മിലുള്ള സംഭാഷണങ്ങളും എന്നിങ്ങനെയാണ് സിനിമ പുരോഗമിക്കുന്നത്.

മമ്മൂട്ടി നായകനാണോ വില്ലനാണോ എന്നത് തന്നെയാണ് ‘അങ്കിളി’ന്‍റെ കൗതുകം. ഈ സസ്‌പെന്‍സ് അവസാനം വരെ നിലനില്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുമുണ്ട്. സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെയെല്ലാം സംവിധായകര്‍ നവാഗതരായിരുന്നു. അത്തരത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ മറ്റുള്ളവരെക്കാള്‍ പ്രതീക്ഷ തരുന്നുണ്ട് ഗീരീഷ് ദാമോദരന്‍.

ജോയ് മാത്യുവിന്‍റെ തിരക്കഥ തന്നെയാണ് സിനിമയുടെ കരുത്ത്. ആദ്യ പകുതിയും രണ്ടാം പകുതിയുടെ തുടക്കവും സാമാന്യം നല്ല വലിച്ചു നീട്ടിയതായി അനുഭവപ്പെടുന്നുണ്ട്.  എന്നാല്‍ ചിത്രത്തിന്‍റെ ഒടുക്കം വലിയൊരു കൈയ്യടിക്കുള്ള സാധ്യത തിരക്കഥാകൃത്തും സംവിധായകനും മാറ്റിവച്ചിട്ടുമുണ്ട്. നന്മയുടെ ആള്‍രൂപമല്ലാത്ത, അമാനുഷികനല്ലാത്ത ഒരു മമ്മൂട്ടി കഥാപാത്രത്തെ കാലങ്ങള്‍ക്കു ശേഷം കാണിച്ചു തന്ന ചിത്രം കൂടിയാണ് ‘അങ്കിള്‍’.

കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തായ സദാചാര പൊലീസിങ്ങും ആള്‍ക്കൂട്ട വയലന്‍സും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ആള്‍ക്കൂട്ടത്തിന്‍റെ, ആണ്‍കൂട്ടത്തിന്‍റെ ചെകിടത്തൊരു അടികൂടിയാണ് ‘അങ്കിള്‍’. മമ്മൂട്ടി ചിത്രം എന്നു പറയുന്നതിനെക്കാള്‍ ജോയ് മാത്യു ചിത്രം എന്ന വിശേഷണമായിരിക്കും ഒരുപക്ഷേ ‘അങ്കിളി’നു കൂടുതല്‍ ചേരുക.

രണ്ടെണ്ണം വീശുമ്പോള്‍ പാടാന്‍ ഒരു ഐറ്റം കിട്ടി: മമ്മൂട്ടിയുടെ ഗാനത്തെ ഏറ്റെടുത്ത് ആരാധകര്‍

സമീപ കാലത്തു മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളില്‍ ഏറെക്കുറെ റിയലിസ്റ്റിക് ആയൊരു കഥപാത്രമാണ് കെകെ. ഒരു മനുഷ്യനും നന്മമരമല്ല എന്ന ബോധ്യത്തോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യുവിന്‍റെ വിജയന്‍ എന്ന കഥാപാത്രം പോലും തന്‍റെ സുഹൃത്ത് കെകെയ്ക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളെ വളരെ തമാശയോടെ കാണുകയും എന്നാല്‍ തന്‍റെ മകള്‍ അയാള്‍ക്കൊപ്പം ഒരു ദിവസം യാത്ര ചെയ്യുന്നു എന്നറിയുന്നതോടെ പേടിക്കുകയും ചെയ്യുന്ന ആളാണ്.

മമ്മൂട്ടിയുടെ താരമൂല്യത്തെ തന്നെയാണ് സിനിമ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന് അനായാസം ചെയ്യാവുന്ന ഒരു കഥാപാത്രം തന്നെയാണ് കൃഷ്ണകുമാര്‍ മേനോന്‍. എടുത്തു പറയേണ്ട പ്രകടനങ്ങള്‍ ജോയ് മാത്യുവിന്‍റെയും മുത്തുമണിയുടേയും തന്നെയാണ്. അത്രമാത്രം തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ ഇരുവരും അവതരിപ്പിച്ചിട്ടുണ്ട്. അവസാനരംഗങ്ങളില്‍ മുത്തുമണി കൈയ്യടി നേടുന്നുണ്ട്.

വായിക്കാം: മുത്തുമണി അഭിമുഖം

ശ്രുതി എന്ന കഥാപാത്രമായി കാര്‍ത്തിക മുരളീധരനും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.  അതേസമയം കെപിഎസി ലളിത, കൈലാഷ് എന്നിവരുടെ കഥാപാത്രങ്ങള്‍ അനാവശ്യമായി തോന്നി.

ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു മികച്ച ബാലതാരത്തിനുളള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം നേടിയ മണിയെ വർഷങ്ങൾക്കുശേഷം മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ കാണാം. ആദിവാസി യുവാവായി തന്നെയാണ് മണി എത്തുന്നത്.

വായിക്കാം: മണിയുമായുള്ള അഭിമുഖം

‘ഷട്ടറി’ലെ പോലെ തന്നെ കോഴിക്കോട്ടുകാരുടെ ജീവിതം കാണിക്കാന്‍ ‘അങ്കിളി’ലും ജോയ് മാത്യു ശ്രമം നടത്തിയിട്ടുണ്ട്. ബിജിപാലിന്‍റെ പശ്ചാത്തല സംഗീതവും, അഴഗപ്പന്‍റെ ഛായാഗ്രഹണവും നിലവാരം പുലര്‍ത്തി. എഡിറ്റിങ്ങിൽ കുറച്ചുകൂടി ശ്രദ്ധപുലര്‍ത്തിയിരുന്നെങ്കില്‍ ഇത്രയധികം വലിച്ചു നീട്ടല്‍ ഒഴിവാക്കാമായിരുന്നു.

മമ്മൂട്ടി സിനിമകളിലെ സ്ഥിരം ചേരുവകളായ കോട്ട്, കൂളിങ് ഗ്ലാസ്, ലക്ഷ്വറി വണ്ടി, മമ്മൂട്ടിയുടെ ഗ്ലാമറിനെ പുകഴ്ത്തുന്ന രംഗങ്ങള്‍ എന്നിവ യഥാക്രമം ‘അങ്കിളി’ലും ഉണ്ട്.

സിനിമ തിയേറ്ററിലെത്തുന്നതിനു മുമ്പ് ജോയ് മാത്യു പറഞ്ഞത് ‘ഷട്ടറി’നു മുകളില്‍ നില്‍ക്കും ‘അങ്കിള്‍’ എന്നായിരുന്നു. സ്വീകാര്യതയില്‍ ‘ഷട്ടറി’ന് മുകളിലാകുമോ ഈ സിനിമ എന്ന് വരും ദിവസങ്ങളില്‍ അറിയാം.  എന്നാല്‍ ‘ഷട്ടറി’ല്‍ നിറഞ്ഞു നിന്ന പച്ചയായ ജീവിതം ‘അങ്കിളി’ല്‍ ദൃശ്യങ്ങളില്‍ മാത്രം കാണുന്ന പച്ചയായി ചുരുങ്ങി എന്ന് പറയേണ്ടി വരും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty movie uncle review