യാത്ര, കൗരവര്‍, ന്യൂഡല്‍ഹി, ഭൂതക്കണ്ണാടി, മുന്നറിയിപ്പ് തുടങ്ങിയ ജയില്‍ ജീവിത ചിത്രങ്ങളില്‍ ഉള്ളു പൊള്ളിക്കുന്ന കഥാപാത്രമായി എത്രയോ തവണ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ജയില്‍പുള്ളിയായി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ഭേദപ്പെട്ട വിജയം നേടിയവയാണ് എന്നുള്ളതിന്‍റെ ക്രെഡിറ്റ്‌ തീര്‍ച്ചയായും മമ്മൂട്ടി എന്ന നടന് തന്നെ.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു ജയില്‍പുള്ളിയുടെ വേഷത്തിലെത്തുകയാണ് നവാഗതനായ ശരത് സന്ദിത്തിന്‍റെ  ‘പരോള്‍’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി. സമീപകാലത്തിറങ്ങിയ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ‘പരോള്‍ ‘എന്ന സൂചനയായിരുന്നു നേരത്തേ തന്നെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുമൊക്കെ പ്രേക്ഷകര്‍ക്കു നല്‍കിയത്. സത്യമാണ്, പ്രതീക്ഷകള്‍ അസ്ഥാനത്താക്കാതെ, വ്യത്യസ്തത കാത്തു സൂക്ഷിക്കുന്ന കാഴ്ചാനുഭവം തന്നെയാണ് ‘പരോള്‍’.

കര്‍ഷകനും കമ്മ്യൂണിസ്റ്റുമായ അലക്‌സ് (മമ്മൂട്ടി) എന്ന വ്യക്തിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ‘പരോളി’ന്‍റെ  കഥ വികസിക്കുന്നത്. ചിത്രം തുടങ്ങുന്നത് സെന്‍ട്രല്‍ ജയിലിനകത്തുവച്ചാണ്. ജയിലിലെ മേസ്തിരി സ്ഥാനം വഹിക്കുന്ന അലക്‌സ് തടവുകാരുടെ മാത്രമല്ല, പൊലീസുകാരുടേയും പ്രിയപ്പെട്ടവനാണ്. ജയിലിനകത്തുവച്ച് അലക്‌സ് തന്‍റെ  പൂര്‍വ്വകാല ജീവിതം ഓര്‍ക്കുകയാണ്. സഖാവ് ഫിലിപ്പോസിന്‍റെ (അലന്‍സിയര്‍) മകനായ അലക്‌സ് ജീവിച്ചതും വളര്‍ന്നതും അടിവാരത്താണ്. അവിടെ അപ്പനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതലേ അയാളും പങ്കാളിയായിരുന്നു. അലക്‌സിന്‍റെ  സഹോദരി കത്രീനയായി മിയയും ഭാര്യ ആനിയായി ഇനിയയുമാണ് എത്തുന്നത്. സന്തോഷത്തോടെ ജീവിച്ചു പോകുന്ന കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തവും അതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചെയ്യാത്ത തെറ്റിന് അലക്‌സ് ജയിലില്‍ പോകുകയുമാണ്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നതു പോലെ സഖാവ് അലക്‌സ് പതിനഞ്ചു ദിവസത്തെ പരോളിലിറങ്ങുകയും, അയാള്‍ കടന്നു പോകുന്ന പരോള്‍ ജീവിതവുമാണ് ബാക്കി കഥ.

സാധാരണ സൂപ്പര്‍ താര ചിത്രങ്ങളിലേതു പോലെ തന്നെ സത്യത്തിനും നന്മയ്ക്കും വേണ്ടി നിലനില്‍ക്കുന്ന, കുടുംബത്തിനു വേണ്ടി ജീവിക്കുന്ന, വില്ലനെ പാറിവന്നടിക്കുന്ന നായകനാണ് സഖാവ് അലക്‌സ് എന്ന് ആദ്യ 45 മിനിറ്റിൽ തന്നെ ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.

കമ്മ്യൂണിസം പശ്ചാത്തലമാക്കി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. തൊണ്ട പൊട്ടുമാറ് മുദ്രാവാക്യങ്ങള്‍ വിളിച്ചു പറയുക, ചെങ്കൊടി പാറിപ്പറപ്പിക്കുക തുടങ്ങിയ ഓഡിയോ-വിഷ്വല്‍സ്, ചങ്കൂറ്റം മുഖമുദ്രയാക്കിയ പുരുഷ കഥാപാത്രം ഇവയൊക്കെ ചേര്‍ത്താല്‍ ശരാശരി മലയാളം കമ്മ്യൂണിസ്റ്റ്‌ സിനിമയാകും എന്നാണ് അതില്‍ ഭൂരിഭാഗവും തോന്നിപ്പിച്ചത്. ‘പരോളി’ലെ കമ്മ്യൂണിസവും അതിനപ്പുറത്തേയ്ക്കൊന്നും പോകാനാകുന്നില്ല.

ആദര്‍ശധീരനായ സഖാവ് ഫിലിപ്പോസ് 75ഉം 100ഉം പവന്‍ സ്ത്രീധനം നല്‍കിയാണ് തന്‍റെ  പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നത്. മദമിളകി വരുന്ന കാട്ടാനയ്ക്കു മുന്നിലേക്ക് ചൂട്ടും കൊളുത്തി അലറിവിളിച്ചു ചെല്ലുന്ന സഖാവ് ഫിലിപ്പോസും 14 വയസുകാരന്‍ മകനും, “ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടു വാടാ” എന്നു വെല്ലുവിളിക്കുന്നതോടെ കാട്ടാന പേടിച്ച് തിരിഞ്ഞോടുന്നതൊക്കെ കാണുമ്പോള്‍ ചിരിക്കാതെ തരമില്ല, സംവിധായകന്‍ ഉദ്ദേശിച്ച വികാരം അതെല്ലെങ്കില്‍ പോലും. ഈ രംഗത്തിനു തൊട്ടുമുമ്പായി സഖാവ് കൃഷ്ണപിള്ളയുടെ മുഖചിത്രമുള്ള പുസ്തകം കൈയ്യില്‍ പിടിച്ച് ഫിലിപ്പോസ് മകനോടു പറയുന്നുണ്ട് “ഇത് കൈയ്യിലെടുക്കുമ്പോള്‍ എന്തിനും ധൈര്യം തോന്നും” എന്ന്.

ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നല്‍കിയ മികച്ച നടനായ അലന്‍സിയറിന്‍റെ  സഖാവ് ഫിലിപ്പോസ് എന്ന ഈ ചിത്രത്തിലെ കഥാപാത്രം പാത്രസൃഷ്ടിയിലേയും അവതരണത്തിലേയും കൃത്രിമത്വത്തിന്‍റെയും ദുര്‍ബലതയുടേയും പേരിലാവും ഓര്‍ക്കപ്പെടുക.

അഭിനയ സാധ്യതയുണ്ടെങ്കിലും മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം ഒന്നുമില്ലാത്ത കഥാപാത്രമാണ് സഖാവ് അലക്‌സ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും സാധാരണമായും അദ്ദേഹം അതഭിനയിച്ചു. നായികമാരായെത്തുന്ന മിയയ്ക്കും ഇനിയയ്ക്കും ഏറെയൊന്നും ചെയ്യാനില്ലെങ്കിലും തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്താനായി. അലക്‌സിന്‍റെ  സുഹൃത്തായ അബ്ദുള്ളയെ അവതരിപ്പിച്ച സിദ്ദീഖും മിയയുടെ ഭര്‍ത്താവ് വര്‍ഗീസായെത്തിയ സുരാജ് വെഞ്ഞാറമ്മൂടും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. എടുത്തു പറയേണ്ടത് സുരാജിന്‍റെ  അഭിനയം തന്നെയാണ്. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായി അനുഭവപ്പെട്ടതും അദ്ദേഹത്തിന്റേതു തന്നെ.

ഒരു മമ്മൂട്ടി ചിത്രത്തിലെ സ്ഥിരം ചേരുവകള്‍ ഉണ്ടെങ്കിലും, മുമ്പ് പറഞ്ഞതു പോലെ, അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളെക്കാള്‍ കണ്‍വിന്‍സിങ് ആയ ഒരു കഥയും തിരക്കഥയും ‘പരോളി’നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനായ അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലോകനാഥന്‍ ശ്രീനിവാസന്‍റെ  ക്യാമറ തൊടുപുഴയുടെ ഗ്രാമഭംഗിയെ മുഴുവനായും പകര്‍ത്തിയിട്ടുണ്ട്. അനാവശ്യമായി കുത്തിനിറച്ച രംഗങ്ങൾ ഒഴിവാക്കി എഡിറ്റിങ്ങിൽ കുറച്ചുകൂടി ശ്രദ്ധപുലർത്തിയിരുന്നെങ്കിൽ ലാഗ് ഒഴിവാക്കാമായിരുന്നു.

‘വേഷം’, ‘വാത്സല്യം’ തുടങ്ങിയ ചിത്രങ്ങളുടെ നിഴല്‍ എവിടെയൊക്കെയോ ‘പരോളി’ലുണ്ടെന്നും തോന്നിയേക്കാം. എന്നിരുന്നാലും മമ്മൂട്ടി ആരാധകരേയും, കുടുംബപ്രേക്ഷകരേയും തൃപ്തിപ്പെടുത്താനുള്ള ചേരുവകളോടെയാണ് ശരത് സന്ദിത് തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ