അങ്ങനെ ആ റെക്കോര്‍ഡും മമ്മൂട്ടി ചിത്രത്തിന്. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ലേഡീസ് ഫാന്‍സ് ഷോ നടത്തിയാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രം റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. ചെങ്ങന്നൂര്‍ സിനിമാസിലെ ‘ചിരി’ തിയേറ്ററിലാണ് ഫാന്‍സ് ഷോ നടന്നത്.

ലേഡീസ് ഫാൻസ് ഷോ നടക്കുന്ന തിയേറ്ററിൽ നിന്നും

ഒരു സൂപ്പര്‍സ്റ്റാറിനായുള്ള ആദ്യത്തെ ലേഡീസ് ഫാന്‍സ് യൂണിറ്റും തുടങ്ങുന്നത് ഇവിടെയാണ്. ലേഡീസ് ഫാന്‍സ് യൂണിറ്റില്‍ 11 അംഗങ്ങളാണ് ഉള്ളത്. സുജ.കെ ആണ് യൂണിറ്റിന്റെ പ്രസിഡന്റ്. ഇവരെക്കൂടാതെ മായ, രാധിക, അനീറ്റ, അനുഷ, കവിത, ആവണി, ഷീജ, ഷീല, ലീലാമ്മ, ജോമോള്‍ എന്നിവരും ഉണ്ട്.

ഫാന്‍സ് യൂണിറ്റിനെക്കുറിച്ച് പ്രസിഡന്റ് സുജ പറയുന്നതിങ്ങനെ:

‘ആണുങ്ങള്‍ക്ക് മാത്രം പോരല്ലോ ഫാന്‍സ് യൂണിറ്റ്. നമ്മളും ചെറുപ്പം മുതലേ മമ്മൂക്കയുടേയും ലാലേട്ടന്റേയുമൊക്കെ സിനിമകള്‍ കണ്ട് വളര്‍ന്നവരല്ലേ. രണ്ടു പേരോടും ബഹുമാനമാണ്. മമ്മൂക്കയോടാണ് ഇഷ്ടക്കൂടുതല്‍. ഞങ്ങള്‍ സ്ത്രീകള്‍ എല്ലാവരും കൂടി അടിച്ചു പൊളിച്ചൊന്നു കാണട്ടെ.’

ലേഡീസ് ഫാൻസ് ഷോ നടക്കുന്ന തിയേറ്ററിൽ നിന്നും

ഇന്നേദിവസം മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനുവേണ്ടിയുള്ള ലേഡീസ് ഫാന്‍സ് യൂണിറ്റിന്റേയും ഉദ്ഘാടനം നടക്കും. ഡിക്യൂ ഏഞ്ജല്‍സ് എന്നാണ് യൂണിറ്റിന്റെ പേര്. നിലവില്‍ അഞ്ചുപേരാണ് യൂണിറ്റില്‍ ഉള്ളത്.

101 സീറ്റുകളാണ് തിയേറ്ററില്‍ ഉള്ളത്. 11 എണ്ണം യൂണിറ്റിലെ അംഗങ്ങള്‍ക്കും ബാക്കിയുള്ളവ മറ്റു സ്ത്രീകള്‍ക്കും, അഞ്ചെണ്ണം ഡീക്യൂ എഞ്ചല്‍സിലെ അംഗങ്ങള്‍ക്കുമാണ് നല്‍കിയത്. ടിക്കറ്റിന് 150 രൂപവച്ചാണ് നല്‍കിയത്. ഈ പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുമെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്.

സുജയ്ക്ക് ലേഡീസ് ഫാൻസ് ഷോയുടെ ആദ്യ ടിക്കെറ്റ് കൈമാറുന്നു

ലേഡീസ് ഫാന്‍സ് യൂണിറ്റ് തുടങ്ങിയിട്ട് ഒരുവര്‍ഷമേ ആയുള്ളൂ. മമ്മൂക്കയുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ പേരില്‍ വരുംനാളുകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനും ആഗ്രഹമുണ്ടെന്ന് സുജ പറഞ്ഞു.

കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ സുജ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.

മറ്റിടങ്ങളിലും ഫാൻസുകാർക്കായി പ്രത്യേക ഷോ നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ