Latest News

‘മാമാങ്ക’ത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി; മമ്മൂട്ടി ഇനി ആന്ധ്രയിലേക്ക്

20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ എറണാകുളത്ത് പൂര്‍ത്തിയായി. ഇനി രണ്ടു ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്താണ് പൂര്‍ത്തിയായത്. 20ാം തിയതി തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്നും അറിയുന്നത്.

നവാഗതനായ സജീവ് എസ് പിള്ളയാണ് ചിത്രം ഒരുക്കുന്നത്. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ടാകും. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും. സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക.

പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചിത്രത്തിലുണ്ട്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

അതേസമയം 20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty movie mamankam second schedule completed

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express