Madhura Raja Trailer: മമ്മൂട്ടിയുടെ മാസ്സ് ചിത്രം മധുരരാജയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വെള്ളിയാഴ്ച വൈകുന്നേരമാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനോടകം 28 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്. ലൈക്കുകളുടേയും കമന്റുകളുടേയും പ്രവാഹമാണ് ട്രെയിലറില്‍.

പോക്കിരി രാജ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തുന്നത്. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയുടെ മാസ്സ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ഒരു മിനിറ്റ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ ആകര്‍ഷണം.

Read More: മധുരരാജ വേണമായിരുന്നോ?; കിടിലൻ മറുപടി കൊടുത്ത് മമ്മൂട്ടി, ഇഷ്‌ടമായെന്ന് പൃഥ്വി

ആദ്യഭാഗമായ പോക്കിരി രാജയെക്കാള്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും മധുരരാജ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് വ്യക്തം. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. ഏറെ നാളുകള്‍ക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്. വിഷുവിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മുന്‍പു തന്നെ അണിയറക്കാര്‍ റിലീസ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത ടീസറും പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം പകരുകയാണ്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കും ഈ നാലു നായികമാര്‍ക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സാണ് ‘മധുരരാജ’യുടെ മറ്റൊരു ആകര്‍ഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും ‘മധുരരാജ’ സ്വന്തമാക്കുകയാണ്.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook