മെഗാസ്റ്റാര്‍ മമ്മൂട്ടി നായകാനായെത്തുന്ന മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്ത് ആരംഭിക്കും. ചിത്രീകരണത്തിനു മുന്നോടിയായുള്ള മിനുക്കു പണികള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഘട്ടം മംഗലാപുരത്തു വച്ചും രണ്ടാംഘട്ടം എറണാകുളത്തു വച്ചുമായിരുന്നു.

നവാഗതനായ സജീവ് എസ് പിള്ളയാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ സംവിധായകന്‍ പത്മകുമാറും സജീവിനൊപ്പം ചേരുമെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. അതേസമയം ക്വീന്‍ ഫെയിം ധ്രുവന്‍ ചിത്രത്തില്‍ നിന്നും പുറത്തായത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Read More: മെഗാസ്റ്റാറിന്‍റെ ‘മാമാങ്ക’ത്തിന് മാറ്റു കൂട്ടുന്നവര്‍

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിര തന്നെയുണ്ടാകും എന്നാണ് അറിയുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും. സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസത് ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക.

പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook