നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുമ്പോള്‍, പറയാന്‍ വാക്കുകളില്ലാതെ തന്റെ ‘ബോസി’ന് വിട നല്‍കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

‘നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളില്‍ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിങ്ങള്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സൗഹൃദവും വളര്‍ന്നു. എന്നും ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. ന്യൂഡല്‍ഹി എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഞാന്‍ നിങ്ങളെ മിസ് ചെയ്യും ‘ബോസ്’, പിന്നെ നിങ്ങളുടെ ആ വിളിയും,’ വേദനയോടെ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ് ഓഫ് 80സി’ലെ സജീവ സാന്നിദ്ധ്യമായിരുന്നു അംബരീഷ്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കൂട്ടായ്മില്‍ സജീവമായി പങ്കെടുക്കാന്‍ അംബരീഷ് ശ്രമിച്ചിരുന്നു.

പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്നും കുടുംബത്തിനു എന്റെ അനുശോചനങ്ങള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

Read More: ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ്‌ ഓഫ് 80സി’ല്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു അംബരീഷ്

സുഹാസിനി, ഖുശ്ബു തുടങ്ങിയവരും അംബരീഷിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് അംബരീഷ് മരണമടഞ്ഞത്. ഏറെ നാളുകളായി ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പല തവണ ആരോഗ്യം മോശമായിട്ടും അതിനെയെല്ലാം അതിജീവിച്ചു അംബരീഷ് ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. ഇന്നലെ വൈകുന്നേരം കൂടി കര്‍ണാടകത്തിലെ മാണ്ട്യയില്‍ നടന്ന ബസ് അപകടത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു അംബരീഷ്. അതിനു ശേഷമാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ചലച്ചിത്ര താരം സുമലതയാണ് ഭാര്യ, അഭിഷേക് മകനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook