സൂപ്പർസ്റ്റാർ സിനിമകളും ‘മായാനദി’യും ‘പൂമരവു’മെല്ലാമായി ഓണം ആഘോഷിക്കാൻ ചാനലുകളും

സൂര്യ ടിവി, ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, അമൃത എന്നീ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ പേരുകള്‍ തീര്‍ച്ചയായും നിങ്ങളെ സന്തോഷിപ്പിക്കും.

പൂക്കളവും പുലിക്കളിയും സദ്യയും പുതിയ ഉടുപ്പും മാത്രമല്ല ഇന്ന് മലയാളികള്‍ക്ക് ഓണം. പുത്തന്‍ പടം കൂടിയാണ്. തിയേറ്ററില്‍ അല്ല, ടിവിയില്‍. തിയേറ്ററില്‍ കാണാന്‍ പറ്റാതെ ടിവിയില്‍ വരുമ്പോള്‍ കാണാമെന്നു സമാധാനിച്ചിരിക്കുന്ന നിരവധി സിനിമകളുമായാണ് ഈ ഓണത്തിന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ എത്തുന്നത്. സൂര്യ ടിവി, ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, അമൃത എന്നീ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ പേരുകള്‍ തീര്‍ച്ചയായും നിങ്ങളെ സന്തോഷിപ്പിക്കും.

തിയേറ്ററില്‍ ആദ്യ തവണ കാണാന്‍ പറ്റാത്തവര്‍ക്കു വേണ്ടി റീ റിലീസ് ചെയ്തതായിരുന്നു ആഷിഖ് അബുവിന്റെ ‘മായാനദി’ എന്ന ചിത്രം. രണ്ടാം തവണയും കാണാന്‍ കഴിയാത്തവര്‍ക്ക് ഇത്തവണത്തെ ഓണത്തിന് മായാനദി ടിവിയില്‍ കാണാം. സൂര്യ ടിവിയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുമുണ്ട് സൂര്യയുടെ ലിസ്റ്റില്‍. മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, അങ്കിള്‍ എന്നീ ചിത്രങ്ങള്‍ കൂടാതെ ജയസൂര്യ നായകനായ ഞാന്‍ മേരിക്കുട്ടി, ചാക്കോച്ചന്റെ കുട്ടനാടന്‍ മാര്‍പാപ്പ, ബിജു മേനോന്റെ ഒരായിരം കിനാക്കളാല്‍ എന്നിവയാണ് സൂര്യ സംപ്രേഷണം ചെയ്യുന്ന മറ്റു ചിത്രങ്ങള്‍.

കിടിലന്‍ ലിസ്റ്റുമായാണ് മഴവില്‍ മനോരമയും എത്തിയിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പരോള്‍, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളാണ് മഴവില്‍ സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഉണ്ണി മുകുന്ദന്‍ നായകനായ ചാണക്യതന്ത്രം, ജയറാം, കുഞ്ചാക്കോ ബോബന്‍ ചിത്രം പഞ്ചവര്‍ണതത്ത, പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായ വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്വീന്‍, മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി എത്തിയ കല്യാണം എന്നീ സിനിമകളുമുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരനും മഴവില്‍ മനോരമ തന്നെയാണ് സംപ്രേഷണം ചെയ്യുന്നത്.

ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളില്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്സ്, കാളിദാസിന്റെ പൂമരം, സൗബിന്‍ സാഹിറിന്റെ സുഡാനി ഫ്രം നൈജീരിയ, ജയസൂര്യയുടെ ക്യാപ്റ്റന്‍, ആന്റണി വര്‍ഗീസിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍, ജയസൂര്യയുടെ ആട് 2, മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിജയ്‌യുടെ തമിഴ് ചിത്രം മെര്‍സല്‍ എന്നിവയാണ് സംപ്രേഷണം ചെയ്യുന്നത്. ക്യാപ്റ്റനും മെര്‍സലും കൈരളി ചാനലും സംപ്രേഷണം ചെയ്യുന്നുണ്ട്.

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദിയും ഈ ഓണത്തിന് ടിവിയില്‍ ഉണ്ട്. അമൃത ടിവിയാണ് ആദി സംപ്രേഷണം ചെയ്യുന്നത്. തിരുവോണ ദിനത്തിലാണ് അമൃതയില്‍ ആദി സംപ്രേഷണം ചെയ്യുന്നത്. ആദിയ്ക്കൊപ്പം വെളിപാടിന്റെ പുസ്തകം, എസ്ര, അങ്കമാലി ഡയറീസ് എന്നീ സിനിമകളും അമൃത സംപ്രേഷണം ചെയ്യുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty mohanlal tovino kalidas poomaram neerali mayaanadhi sudani from nigeria onam movies television channels

Next Story
ബാലിശമായ തിരക്കഥ കൊണ്ട് താറുമാറായിപ്പോയ ‘വിശ്വരൂപം 2’Vishwaroopam 2 movie review Kamal Haasan
The moderation of comments is automated and not cleared manually by malayalam.indianexpress.com