/indian-express-malayalam/media/media_files/2024/12/26/mt-memories-celebrities.jpg)
Remembering MT Vasudevan Nair
/indian-express-malayalam/media/media_files/2024/12/20/i5QOymBuni2SFI82epgR.jpg)
മമ്മൂട്ടി
"ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു."
/indian-express-malayalam/media/media_files/2024/12/26/NBrkWpYgQdOlkJZ23u0G.jpg)
മോഹൻലാൽ
"മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. . എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ, പ്രാർഥനകളോടെ..."
/indian-express-malayalam/media/media_files/2024/12/26/8ABmBNNCtJMvjQqiW00q.jpg)
മഞ്ജു വാര്യർ
"എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും...."
/indian-express-malayalam/media/media_files/2024/12/26/mt-surabhi-lakshmi.jpg)
സുരഭി ലക്ഷ്മി
"സുകൃതം. എന്റെ അഭിനയജീവിതത്തിൽ ബീപാത്തുവിനെയും സീതലക്ഷ്മിയെയും അവതരിപ്പിക്കാൻ കഴിഞ്ഞതിൽ, പ്രിയ എഴുത്തുകാരന്, ഗുരുവിന് പ്രണാമം.""
/indian-express-malayalam/media/media_files/2024/12/26/mt-dulquer-salmaan.jpg)
ദുൽഖർ സൽമാൻ
"മഹത്വം അറിയാനും സ്പർശിക്കാനും കഴിഞ്ഞ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിൻ്റെ പര്യായത്തിന് വിട"
/indian-express-malayalam/media/media_files/2024/12/26/TGQHe1i71MlqxaGYkS3Y.jpg)
മനോജ് കെ ജയൻ
എം ടി സാർ . സ്ഥാനം കൊണ്ടും, കർമ്മം കൊണ്ടും എനിക്ക് അദ്ദേഹം ഗുരുസ്ഥാനീയൻ ആയിരുന്നു. മഹാഗുരു എന്നത് പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ട് മനസ്സുകൊണ്ട് എന്നും നമിച്ചിരുന്നു. സർഗാത്മകതയുടെ ആ പെരുന്തച്ചിൽ രൂപപ്പെടുത്തിയ നാലു കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. പെരുന്തച്ചനിലെ”തിരുമംഗലത്ത് നീലകണ്ഠൻ നമ്പൂതിരിയും ,പരിണയത്തിലെ” കുഞ്ചുണ്ണി നമ്പൂതിരിയും ,സുകൃതത്തിലെ”രാജേന്ദ്രനും ,കേരളവർമ്മ പഴശ്ശിരാജയിലെ”തലയ്ക്കൽ ചന്തുവും അദ്ദേഹത്തിൻറെ അനുഗ്രഹ വർഷമാണ് . ആ അനുഗ്രഹമാണ് ഇന്നും സിനിമയിൽ എന്നെ നിലനിർത്തുന്നതെന്നും ഞാൻ വിശ്വസിക്കുന്നു. ഗൗരവം ഒട്ടും ചോർന്നു പോകാതെ എന്നെ ചേർത്തുനിർത്തുമ്പോൾ ..ആ കണ്ണുകളിൽ എന്നോടുള്ള സ്നേഹവാൽസല്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു. മൂന്നു ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഹോസ്പിറ്റലിൽ എത്തി അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും,കുടുംബാംഗങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഒരു ആശ്വാസമായി കാണുന്നു. വാക്ക് മൗനം തേടുന്ന ഈ നിമിഷത്തിൽ ആ ഓർമ്മകൾക്ക് ..സ്നേഹത്തിന് ..ചേർത്തുനിർത്തലുകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. ആദരാഞ്ജലികൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.