മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍. ഇപ്പോഴിതാ ജനപ്രിയ നായകന്‍ ജയറാം നായകനായെത്തുന്ന ഗ്രാന്‍ഡ്ഫാദര്‍ എന്ന ചിത്രത്തിന്റെ പൂജയ്ക്കായി മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും എത്തിയിരിക്കുന്നു.

കൊച്ചിയിലാണ് ഗ്രാന്‍ഡ് ഫാദറിന്റെ തെരിതെളിയ്ക്കല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പനിനീര്‍ പൂക്കളും സ്‌നേഹ ചുംബനവും നല്‍കിയാണ് ജയറാം സ്വീകരിച്ചത്.

താന്‍ സിനിമയില്‍ എത്തിയ കാലം മുതല്‍ മമ്മൂക്കയും ലാലേട്ടനും ഒരു അനുജനോടുള്ള സ്‌നേഹവും കരുതലും തന്നോട് കാണിച്ചിട്ടുണ്ടെന്ന് ജയറാം പറഞ്ഞു. പൂജയ്ക്ക് വരാമോ എന്ന് ലാലേട്ടനോട് മെസ്സേജ് അയച്ചു ചോദിച്ചപ്പോള്‍, ‘അതൊക്കെ ചോദിക്കണോ അനിയാ എവിടെയാണ് ചടങ്ങ് നടക്കുന്നത് എന്നായിരുന്നു ലാലേട്ടന്റെ മറുപടി,’ എന്ന് ജയറാം പറയുന്നു.

പൂജ നടക്കുന്ന ദിവസം ഇവിടെ എത്തിയിരിക്കും എന്നു പറഞ്ഞ മമ്മൂക്ക രാവിലെ മുതലേ പലതവണ വേദിയില്‍ വന്ന് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നുവെന്നും ജയറാം പറയുന്നു. ചടങ്ങില്‍ സംവിധായകന്‍ കെ.മധു, ഇടവേള ബാബു, വിജയ രാഘവന്‍, രചന നാരായണന്‍ കുട്ടി, ഹണി റോസ് തുടങ്ങിയവരും പങ്കെടുത്തു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാബുരാജ്, വിജയരാഘവന്‍, ദിവ്യ പിള്ള തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്ത വര്‍ഷം വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ