നാനാ കൃഷ്ണൻകുട്ടിയെന്ന മുതിർന്ന ഫോട്ടോ ജേണലിസ്റ്റിന്റെ ക്യാമറയിൽ പതിയാത്ത താരങ്ങൾ മലയാള സിനിമയിൽ കുറവായിരിക്കും. ചലച്ചിത്ര മാധ്യമരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നാനാ കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ ആദരവ് അർപ്പിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. നാനയുടെ തുടക്കകാലം മുതൽ സ്ഥാപനത്തിന് ഒപ്പമുണ്ടായിരുന്ന കൃഷ്ണൻകുട്ടി സിനിമാ പ്രവർത്തകർക്കിടയിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു.

ഇന്നു രാവിലെ തിരുവനന്തപുരത്തായിരുന്നു കൃഷ്ണൻകുട്ടിയുടെ അന്ത്യം. 72 വയസ്സായിരുന്നു. ലീലയാണ് ഭാര്യ. മക്കൾ മനു, സനു. റിട്ടയർ ചെയ്തതിനു ശേഷവും ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ അദ്ദേഹം രണ്ടുവർഷം മുൻപു വരെ നാനയ്ക്കു വേണ്ടി സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ നടന്നു.

“കൃഷ്ണൻകുട്ടി ചേട്ടന്റെ ക്യാമറയിൽ പതിയാത്ത താരങ്ങൾ വിരളമായിരിക്കും, ഏതാനും പുതുമുഖങ്ങൾക്കു മാത്രമേ ചിലപ്പോൾ ഈ പേര് പരിചിതമില്ലാതെ വരികയുള്ളൂ. നാനായ്ക്ക് വേണ്ടി ആദ്യമായി മമ്മൂട്ടിയുടെ ചിത്രമെടുക്കുന്നത് കൃഷ്ണൻകുട്ടി ചേട്ടനാണ്. ‘സ്‌ഫോടനം’ എന്ന ചിത്രത്തിനിടെ ആയിരുന്നു അതെന്നാണ് ഓർമ. മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ എന്നിവർക്കും ഏറെ പരിചിതനായിരുന്നു അദ്ദേഹം. സിനിമയിലെ എല്ലാവരുമായും നല്ലൊരു സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു,” കൃഷ്ണൻകുട്ടിയുടെ സഹപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ നാനാ മോഹൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read more: ‘മാമാങ്ക’ത്തിനെതിരെ സംഘടിത ആക്രമണം, ശത്രുക്കൾ സിനിമയ്ക്ക് അകത്ത് തന്നെ; വെളിപ്പെടുത്തലുമായി വേണു കുന്നപ്പിള്ളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook