മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ദ പ്രീസ്റ്റ്’ എന്നാണ് സിനിമയുടെ പേര്. അടിമുടി ദുരൂഹത തോന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവർത്തകരും പറയുന്നു.
നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന് ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.
Read Also: നേരിയ വെല്ലുവിളിയായി ജെയിന് കോറല്‍കോവ്; കിഴക്കുഭാഗത്തേക്ക് ചരിച്ചുവീഴ്ത്തും
സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്പോൾ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2020 ൽ തന്നെ സിനിമ റിലീസ് ചെയ്യും.
മമ്മൂക്കയ്ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും വലിയ സന്തോഷമുണ്ടെന്നും മഞ്ജു റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമെല്ലാം മഞ്ജു വാരിയർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇതു വരെ മഞ്ജുവിന് സാധിച്ചിരുന്നില്ല. ഇപ്പോൾ തന്റെ മറ്റൊരു ആഗ്രഹവും സഫലമായി എന്നാണ് മഞ്ജു വാരിയർ പാറഞ്ഞത്. ‘മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയ്മിൽ നിൽക്കുമ്പോൾ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ടെന്നും’ മഞ്ജു വാരിയർ കൂട്ടിച്ചേര്‍ത്തു.