scorecardresearch
Latest News

ചുറ്റുപാടുമുള്ളവരോടെല്ലാം ഹൃദയവിശാലതയോടെ പെരുമാറിയിരുന്ന വലിയ മനുഷ്യൻ: ജോൺപോളിന് വിട നൽകി സിനിമാലോകം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോൺപോളിനെ അവസാനമായി കാണാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനുമായി മമ്മൂട്ടിയെത്തി

ചുറ്റുപാടുമുള്ളവരോടെല്ലാം ഹൃദയവിശാലതയോടെ പെരുമാറിയിരുന്ന വലിയ മനുഷ്യൻ: ജോൺപോളിന് വിട നൽകി സിനിമാലോകം

സമാന്തര സിനിമയുടെ സൗന്ദര്യ ശാസ്ത്രവും വാണിജ്യ സിനിമയുടെ വിപണി രീതികളും ഒരുമിച്ചു ചേർത്ത സർഗ്ഗപ്രതിഭയായിരുന്നു തിരക്കഥാകൃത്തായ ജോൺപോൾ. വിട പറഞ്ഞ ജോൺ പോളിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാള സിനിമാലോകം.

“തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അപ്രതീക്ഷിതമായി പോയി ഈ മരണം,” എന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ജോൺപോളിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മമ്മൂട്ടി പ്രതികരിച്ചത്.

“യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓർമ്മയ്ക്കായി…ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ.

കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.യാത്രാമൊഴി,” എന്നാണ് മഞ്ജുവാര്യർ കുറിച്ചത്.

“ജോൺപോൾ അങ്കിൾ, നിത്യശാന്തിയിലേക്ക്!
മനസ്സിനെ സ്പർശിക്കുന്ന ഒട്ടനവധി സിനിമകൾക്ക് ജന്മം നൽകിയ, കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലർത്തിയ മനുഷ്യൻ, പ്രതിഭ. സ്നേഹത്തോടെ ഞങ്ങളെല്ലാം അങ്കിൾ എന്നു വിളിച്ചു. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് അപ്പനോട് താങ്കൾക്കുള്ള ഊഷ്മളതയും സ്നേഹവും ഞാൻ അനുഭവിച്ച നിരവധി സന്ദർഭങ്ങളുണ്ട്. ആ വലിയ മനുഷ്യൻ ചുറ്റുപാടുമുള്ളവരോടും വളരെയേറെ ഹൃദയവിശാലതയോടെ പെരുമാറിയിരുന്നു. അദ്ദേഹം അടുത്തില്ലാത്തപ്പോഴും ആ സ്നേഹം ഞങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞു. നിങ്ങളുടെ ശബ്ദവും വാക്കുകളും വല്ലാതെ മിസ്സ് ചെയ്യും. പക്ഷെ നിങ്ങളുടെ സൃഷ്ടികൾ സിനിമയ്ക്കു വേണ്ടിയും സാഹിത്യത്തിനുവേണ്ടിയും താങ്കൾ ചെയ്തതൊക്കെ ഇനിയുമുറക്കെ സംസാരിച്ചുകൊണ്ടിരിക്കും.

നെടുമുടി വേണു ചേട്ടൻ, ലളിത ചേച്ചി, ഇപ്പോൾ ജോൺ പോൾ അങ്കിൾ… അടുത്ത കാലത്തായി മലയാള സിനിമാ മേഖലയ്‌ക്ക് വലിയ നഷ്‌ടങ്ങളാണ്, എനിക്കും എന്റെ കുടുംബത്തിനും ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്.
നിങ്ങളെല്ലാവരും സ്വർഗ്ഗത്തിൽ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” കുഞ്ചാക്കോ ബോബൻ പറയുന്നു.

ഫെഫ്കയും ജോൺപോളിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

“എം. ടി. യും പത്മരാജനും തിളങ്ങി നിന്ന മലയാള സിനിമയുടെ സുവർണ്ണ കാലത്ത് സിനിമാരചനയിൽ വേറിട്ടൊരു ശബ്ദമായി വന്ന് മലയാളത്തിന് പുതിയ ഭാവുകത്വം സമ്മാനിച്ച നിത്യഹരിത സിനിമകളുടെ ശില്പി ജോൺ പോൾ , വൈവിധ്യങ്ങളായ രചനകളിലൂടെ മലയാള സിനിമക്ക് മികച്ച സിനിമകൾ സമ്മാനിച്ച പ്രിയ എഴുത്തുകാരന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ,” ഫെഫ്കയുടെ ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ജോൺ പോൾ അന്തരിച്ചത്. 71 വയസായിരുന്നു. ശ്വാസതടസവും മറ്റു അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം.

Read more: വിട പറയുന്നത് കഥപറച്ചിലിന്റെ മാസ്റ്റർ

1980 മുതൽ മലയാള സിനിമാ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പല ചിത്രങ്ങളും ജോൺ പോളിന്റെ തിരക്കഥയിൽ പിറന്നതായിരുന്നു. മലയാളത്തിലെ പ്രഗത്ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയുടെ നിർമാതാവായിരുന്നു. കമലിന്റെ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവിൽ തിരക്കഥ ഒരുക്കിയത്.

ഒരു കടങ്കഥ പോലെ, പാളങ്ങൾ, യാത്ര, രചന, വിടപറയും മുമ്പേ, ആലോലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവൽ, സ്വപ്നങ്ങളിലെ ഹേഷൽ മേരി, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം, അവിടെത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന് ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ പിറന്നതാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty manju warrier mohanlal and malayalam actors pay tribute to john paul