മലയാളസിനിമയിലെ ചിരിയുടെ സുൽത്താൻമാരിൽ ഒരാളാണ് മാമുക്കോയ. തനി കോഴിക്കോടൻ ശൈലിയിൽ, ഉരുളക്കുപ്പേരി പോലുള്ള മാമുക്കോയയുടെ മറുപടികളെല്ലാം മലയാളികൾക്ക് എന്നും കേൾക്കാൻ ഇഷ്ടമാണ്. ലോക്ക്‌ഡൗൺ കാലത്ത് പ്രേക്ഷകരോടുമായി സംവദിക്കാൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക്  ലൈവിലെത്തിയപ്പോഴും ആരാധകരുടെ ചോദ്യങ്ങളെ രസകരമായ ഉത്തരങ്ങളോടെയാണ് മാമുക്കോയ വരവേറ്റത്.

മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. “മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാൽ അയാൾ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ..,” എന്നായിരുന്നു താരത്തിന്റെ ഉത്തരം.

എപ്പോഴാണ് താങ്കൾ നായകനായി ഒരു പടം വരിക എന്ന ചോദ്യത്തിനും കുസൃതികലർന്ന ഉത്തരമാണ് മാമുക്കോയ നല്‍കിയത്. “2030 ൽ ഒരു പടം ഞാൻ നായകനായി പറഞ്ഞിട്ടുണ്ട്, മോഹൻലാലാണ് നിർമാതാവ്.”

ഇക്കയുടെ വയസ്സെത്ര എന്ന ചോദ്യത്തിന് നായകനാവാൻ പോവുന്നതോണ്ട് വയസ് പറയാൻ പാടില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞിട്ടുണ്ട്. എന്തായാലും 50 കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു മാമുക്കോയയുടെ മറുപടി.

ഏറ്റവും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിന് “അങ്ങനെ ഒരു കഥാപാത്രം ഒന്നുമില്ല. ഉള്ളതൊക്കെ മോഹൻലാലും മമ്മൂട്ടിയുമാണ് ചെയ്യാറ്. എനിക്ക് കിട്ടാറില്ലെ”ന്നും മാമുക്കോയ പറഞ്ഞു.

ലൈവ് ചാറ്റിൽ നിന്നുള്ള ചോദ്യങ്ങളും അതിന് മാമുക്കോയ നൽകിയ ഉത്തരങ്ങളും:

പുലിമുരുകൻ പാർട്ട് രണ്ടിൽ നായകവേഷം തന്നാൽ സ്വീകരിക്കുമോ?

“ഇനി വേണ്ട. മോഹൻലാൽ ചെയ്തില്ലേ, അതിനു മുൻപായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.”

സിനിമാ ഫീൽഡിൽ പ്രേമമുണ്ടായിരുന്നോ?

“അതിനൊന്നും നേരം കിട്ടിയില്ലായിരുന്നു മോനേ…”

പൃഥ്വിരാജിനെ കുറിച്ച് എന്താണ് അഭിപ്രായം?

“നല്ല അഭിപ്രായം. ഞങ്ങൾ ഒന്നു രണ്ടു പടത്തിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഫാദറുമായി നല്ല കൂട്ടായിരുന്നു. മൂപ്പരുമായി മാത്രമല്ല മല്ലികയായും ഇന്ദ്രജിത്തുമൊക്കെയായും നല്ല ബന്ധമാണ്.”

ഇഷ്ടപ്പെട്ട നടി?

“സിനിമ കണ്ടുതുടങ്ങിയ കാലത്ത് മരിച്ചുപോയ നടി സാവിത്രിയെ വലിയ ഇഷ്ടമായിരുന്നു.”

ഇഷ്ട ഗായിക?

“പി സുശീല, ജാനകി, ലതാ മങ്കേഷ്കർ, ചിത്ര, സുജാത കുറേപേരുണ്ട്.”

നിങ്ങൾ നായകനായി വരുമ്പോ ആരാണ് നായികയായി വരിക? ആരെയാണ് വിളിക്കുക?

“അതിനുള്ള കുട്ടികള് ജനിച്ചിട്ട് വേണം. ന്യൂ ജനറേഷൻ പിള്ളേര് വേണം, ആരെങ്കിലും വന്നിട്ട് കാര്യമില്ല.”

നിങ്ങളുടെ ദാസനും വിജയനും ഒക്കെ എവിടെയാ?

“ആര് കണ്ട്… അന്ന് കയറ്റിവിട്ടതാ… പിന്നൊരു വിവരവുമില്ല.”

സംവിധായകനാവാൻ താൽപ്പര്യമുണ്ടോ?

“സംവിധാനം ചെയ്യാൻ താൽപ്പര്യമുണ്ട്, സിനിമ നിർമിക്കാൻ താൽപ്പര്യമുണ്ടോ?”

(കൊച്ചുമകൾ ഹിബ റഹ്മാന് ഒപ്പമാണ് മാമുക്കോയ ലൈവിലെത്തിയത്.)

Read more: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook