കൊച്ചി: മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മാമാങ്കം’ എന്ന ഐതിഹാസിക ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചു നടന്നു. “മമ്മൂട്ടി വക്കീൽ കുപ്പായം അഴിച്ചുവച്ചില്ലായിരുന്നെങ്കിൽ സുപ്രീം കോടതി ജഡ്ജി ആവേണ്ട ആളാ,” സദസ്സിൽ ഒരു ന്യായാധിപൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മാമാങ്കം’ ടീമിന് ആശംസകളേകാൻ സുപ്രീം കോടതി മുൻ ജഡ്ജും കേരള സംസ്ഥാന ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് വേദിയിലെത്തിയപ്പോഴായിരുന്നു മമ്മൂട്ടിയെ കുറിച്ചുള്ള ഈ പരാമർശം.

“മമ്മൂട്ടി വക്കീൽ കുപ്പായം അഴിച്ചുവച്ചില്ലായിരുന്നെങ്കിൽ സുപ്രീം കോടതി ജഡ്ജി ആവേണ്ട ആളാ. എന്നാൽ, ഞാൻ വക്കീൽ കുപ്പായം അഴിച്ചുവെച്ച് അഭിനയിക്കാൻ ഇറങ്ങിയിരുന്നെങ്കിൽ ഒരു പത്മശ്രീ നേടുമോ എന്ന് സംശയമുണ്ട്,” ചെയ്യുന്ന ഏതു ജോലിയിലും നൂറുശതമാനം ആത്മാർത്ഥതയോടെ മുന്നേറുന്ന മമ്മൂട്ടിയെ കുറിച്ച് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞതിങ്ങനെ. ജസ്റ്റിസ് സിറിയകിന്റെ വാക്കുകളെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.

മമ്മൂട്ടി, സംവിധായകൻ ഹരിഹരൻ, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവർ ചേർന്ന് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി ഓഡിയോ ലോഞ്ച് നിർവ്വഹിച്ചു. എം ജയചന്ദ്രനാണ് ‘മാമാങ്ക’ത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത്. ചിത്രത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ എന്ന് തുടങ്ങുന്ന ഗാനവും റിലീസ് ചെയ്തു. പ്രാചി തെഹ്ലാനും ഇനിയയും ഉണ്ണിമുകുന്ദനും സുദേവ് നായരും മാസ്റ്റർ അച്യുതനുമാണ് ഗാനരംഗത്തിൽ തിളങ്ങുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.

ടൊവിനോ തോമസ്, സംയുക്ത മേനോൻ, മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ, അനു സിതാര, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, സംവിധായകൻ ലാൽ ജോസ്, സുരേഷ് കൃഷ്ണ, സ്വാസിക, സുദേവ് നായർ, സോഹൻ റോയ്, ഹൈബി ഈഡൻ, രാജീവ് എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച മാമാങ്കം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസിനെത്തും. നവംബർ അവസാന ആഴ്ചയാണ് ചിത്രത്തിന്റെ റിലീസ്.

Read more: മമ്മൂട്ടിയ്ക്ക് ചുറ്റും എപ്പോഴുമൊരു ഓറയുണ്ട്: ‘മാമാങ്കം’ നായിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook