മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രണ്ടു ചിത്രങ്ങളാണ് ‘മാമാങ്ക’വും ‘മരക്കാറും’. മലബാറിന്റെ ചരിത്രം പശ്ചാത്തലമാകുന്ന ഇരു ചിത്രങ്ങളും ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും നായകന്മാരായി എത്തുന്ന ചരിത്രസിനിമ എന്ന പ്രത്യേകതയും ചിത്രങ്ങൾക്കുണ്ട്. ഇത്തരം സമാനതകൾക്കപ്പുറം വിവാദങ്ങളും ഇരു ചിത്രങ്ങൾക്കും അകമ്പടിയാവുകയാണ്.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന പീരിയഡ് ചിത്രമായ ‘മാമാങ്കം’ ആദ്യം വാർത്തകളിൽ ഇടംനേടിയത്, തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന മമ്മൂട്ടിയുടെ പ്രഖ്യാപനത്തെ തുടർന്നാണ്. എന്നാൽ ‘മാമാങ്ക’ത്തിന്റെ ചിത്രീകരണം രണ്ടു ഷെഡ്യൂളുകൾ പിന്നിട്ടപ്പോഴേക്കും ചിത്രം വിവാദങ്ങൾക്ക് വഴിമാറി. മൂന്നാം ഷെഡ്യൂളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ ഉണ്ടായ സ്വരചേര്‍ച്ചകളാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്.
സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ഇതുവരെ ചെലവായെന്നും ചിത്രീകരിച്ച ഭാഗങ്ങള്‍ക്ക് നിലവാരമില്ലെന്നും അതിനാൽ ‘മാമാങ്കം’ സിനിമയിൽ നിന്നും സംവിധായകൻ സജീവ് പിള്ളയെ ഒഴിവാക്കിയിരിക്കുന്നു എന്നും നിർമ്മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കിയത് ‘മാമാങ്ക’വുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചൂടുപിടിക്കാൻ കാരണമായി.
പന്ത്രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തി താന്‍ രൂപീകരിച്ച തിരക്കഥ അടിസ്ഥാനപ്പെടുത്തി രണ്ടു ഷെഡ്യൂള്‍ ചിത്രീകരണവും പൂര്‍ത്തിയായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തിലുള്ള ഇടപെടലുകള്‍ നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നും അതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വച്ചു, സംവിധാന സ്ഥാനത്ത് നിന്നും തന്നെ മാറ്റാന്‍ ശ്രമിച്ചു. അത് സാധിക്കില്ല എന്ന് കാണിച്ചു താന്‍ വക്കീല്‍ മുഖാന്തിരം നോട്ടീസ് അയച്ചതിന്റെ പിന്നാലെ, ‘തന്നെ കായികമായി നേരിടും’ എന്ന് സിനിമാ രംഗത്ത് നിന്നു തന്നെ ഭീഷണികള്‍ ഉണ്ടാവുന്നു എന്നൊക്കെ കാണിച്ച് സംവിധായകൻ സജീവ് മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയും വാർത്തകളിൽ ഇടംനേടി. ഫെഫ്കയുടെ നേതൃത്വത്തിൽ നിർമ്മാതാവും സംവിധായകനുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രശ്നം ഏറെക്കുറെ അനുരഞ്ജനത്തിലെത്തുകയും സംവിധായകൻ പത്മകുമാറിന്റെ സഹായം ചിത്രത്തിനു വേണ്ടി സ്വീകരിക്കാൻ തീരുമാനമാകുകയും ചെയ്തു.
തുടർന്ന് പത്മകുമാർ ‘മാമാങ്ക’ത്തിൽ ജോയിൻ ചെയ്യുകയും വിവാദങ്ങളൊക്കെ ഒരുവിധമൊതുങ്ങി ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. ചിത്രീകരണം പൂർത്തിയാക്കിയ ‘മാമാങ്ക’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വിവാദങ്ങളിൽ മുങ്ങിപ്പോയ ചിത്രം, അതിനെയെല്ലാം മറികടന്ന് റിലീസിനോട് അടുക്കുന്നതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
Read more: ‘മാമാങ്ക’ത്തില്‍ സംഭവിക്കുന്നതെന്ത്? സംവിധായകനും നിര്‍മ്മാതാവും ‘ഫെഫ്ക്ക’യും പറയുന്നു
‘മാമാങ്ക’ത്തിനെ വിവാദങ്ങൾ വേട്ടയാടിയത് ചിത്രീകരണ സമയത്താണെങ്കിൽ, ‘മരക്കാറി’നെ സംബന്ധിച്ച് പോസ്റ്റ് പ്രൊഡക്ഷൻ വേളയിലാണ് പുതിയ വിവാദങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. ‘മരക്കാറി’ന്റെ ആശയം തന്റെ തിരക്കഥയിൽ നിന്നും എടുക്കപ്പെട്ടതാണെന്ന അവകാശവുമായി എഴുത്തുകാരന്‍ ടിപി രാജീവൻ രംഗത്തു വന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. തന്റെ തിരക്കഥയിലെ ആശയം പ്രിയദർശൻ ചിത്രത്തിനായി ഉപയോഗിച്ചുവെന്നാണ് ടിപി രാജീവന്റെ വാദം.
“പ്രിയദർശൻ എന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അദ്ദേഹം അത് വായിച്ചിട്ടില്ല. എന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് പ്രിയന്റെ ‘മരക്കാർ’ ചിത്രീകരിച്ചെന്നും ഞാൻ പറയില്ല. എന്നിരുന്നാലും 2016 ൽ ഞാനെന്റെ തിരക്കഥയും ആശയവും മുഴുവനായും പ്രിയനുമായി സംസാരിച്ചിട്ടുള്ളതാണ്. എന്റ കൺസെപ്റ്റ് കേട്ട പ്രിയൻ ഒന്നിച്ചു ജോലി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രിയൻ മുന്നോട്ട് വെച്ച രണ്ടു നിബന്ധനകൾ എനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഒന്ന്, ടി ദാമോദരൻ സിനിമയ്ക്ക് വേണ്ടി 10-15 സീനുകൾ രചിച്ചിരുന്നു, അത് തിരക്കഥയിൽ കൂട്ടിച്ചേർത്ത് തിരക്കഥയുടെ ക്രെഡിറ്റ് ടി ദാമോദരനൊപ്പം പങ്കുവയ്ക്കുക. മറ്റൊന്ന് കഥയുടെ ക്രെഡിറ്റ് പ്രിയദർശന് ലഭിക്കും,” എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ടി പി രാജീവൻ പറയുന്നത്.
Read more: ‘മരക്കാർ’ വിവാദത്തിൽ: തന്റെ ആശയം മോഷ്ടിക്കപ്പെട്ടു എന്ന് ടിപി രാജീവൻ, നിഷേധിച്ച് പ്രിയദര്‍ശന്‍
എന്നാൽ ടിപി രാജീവന്റെ വാദങ്ങളെ നിഷേധിക്കുകയാണ് പ്രിയദർശൻ. ” ‘മരക്കാര്‍’ ആശയങ്ങള്‍ ഞാൻ ടിപി രാജീവനുമായി സംസാരിച്ചിരുന്നു. പക്ഷേ ദാമോദരന്‍ മാസ്റ്റര്‍ എഴുതിയ, ഞാന്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ചതും ടി പി രാജീവന്‍ പറഞ്ഞതും വ്യത്യസ്തമാണ്. ഞാന്‍ എടുക്കാന്‍ പോകുന്ന ചിത്രത്തില്‍ പങ്കു ചേരാന്‍ താത്പര്യമുണ്ടോ എന്ന് ഞാന്‍ ടി പി രാജീവനോട് ചോദിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിയുന്ന ‘മരക്കാര്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഓഗസ്റ്റ് സിനിമയുടെ കൈയ്യില്‍ നിന്നും അഞ്ചു ലക്ഷം അഡ്വാന്‍സ് വാങ്ങിതായും ആ ചിത്രം നടന്നില്ലെങ്കില്‍ എന്റെ ടീമില്‍ ചേരാന്‍ താത്പര്യമുണ്ട് എന്നുമാണ് അന്ന് ടി പി രാജീവന്‍ എന്നോട് പറഞ്ഞത്,” ടി പി രാജീവനുമായുള്ള ഇടപെടലിനെ കുറിച്ച് പ്രിയദർശൻ പറയുന്നു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
Read more: ദാമോദരൻ മാസ്റ്റർ പോയി, പക്ഷേ ‘മരക്കാർ’ തിരിച്ചുവന്നു: മോഹൻലാൽ
മലയാളത്തിൽ കുഞ്ഞാലിമരക്കാറിന്റെ ജീവിതം പശ്ചാത്തലത്തിൽ നേരത്തെയും സിനിമകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ‘മോഹൻലാലി’നെ കൂടാതെ മമ്മൂട്ടിയെ കുഞ്ഞാലി മരക്കാർ ആക്കി കൊണ്ടുള്ള ഒരു പ്രൊജക്റ്റും പ്ലാൻ ചെയ്യപ്പെട്ടിരുന്നു. അമല്‍ നീരദ് മൂന്ന് വര്‍ഷം മുന്‍പ് പ്ലാൻ ചെയ്ത ആ ബിഗ് ബജറ്റ് ചിത്രം പക്ഷേ യാഥാര്‍ഥ്യമായില്ല. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടി കുഞ്ഞാലി മരക്കാറായുള്ള ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. കണ്ണൂരില്‍ ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പായിരുന്നു അത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു.
വിവാദങ്ങളെ അതിജീവിച്ച് ‘മാമാങ്കം’ യാഥാർത്ഥ്യമായതു പോലെ, ‘മരക്കാറും’ വിവാദങ്ങളെ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ‘ലൂസിഫർ’ ഉണർവ്വ് സമ്മാനിച്ച മലയാള സിനിമാവ്യവസായത്തിന് ‘മാമാങ്കം’, ‘മരക്കാർ’ പോലുള്ള ചിത്രങ്ങളുടെ റിലീസ് പകരുന്ന ആശ്വാസം ചെറുതല്ല.
Read more: മികവിന്റെ വസന്തം തീര്‍ത്ത് ചെറുചിത്രങ്ങള്‍, ബോക്സോഫീസിന്റെ നെടുംതൂണായി ‘ലൂസിഫര്‍’