തിയേറ്ററുകളിൽ പടയോട്ടം തുടരുകയാണ് ‘മധുരരാജ’യും ‘ലൂസിഫറും’. പൃഥ്വിരാജ് ചിത്രം ‘ലൂസിഫർ’ ബോക്സ് ഓഫീസ് കളക്ഷനുകൾ എല്ലാം ബ്രേക്ക് ചെയ്ത് മുന്നേറുമ്പോൾ തൊട്ടു പിറകെ തന്നെ മികച്ച ഫോമിൽ’മധുരരാജ’യുമുണ്ട്. കഴിഞ്ഞ ദിവസം ‘മധുരരാജ’യുടെ വിജയം ആഘോഷിക്കാൻ ഈരാറ്റുപേട്ടയിലെയും പാലായിലെയും തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

സംവിധായകൻ വൈശാഖും തിരക്കഥാകൃത്തായ ഉദയ് കൃഷ്ണയും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. വൈശാഖ് തന്നെയാണ് മമ്മൂട്ടിയുടെ തിയേറ്റർ സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ആദ്യദിനം ‘മധുരരാജ’ 9.12 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും നേടിയെടുത്താണ് പുറത്തുവരുന്ന റിപ്പോർട്ട്. ‘മധുരരാജ’യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണക്കുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കേരളത്തിൽ നിന്നു മാത്രം നേടിയത് 4.1 കോടി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 1.4 കോടി. ജിസിസി രാജ്യങ്ങളിൽ നിന്ന് 2.9 കോടി. അമേരിക്കയിൽ നിന്ന് 21 ലക്ഷം. യൂറോപ്പിൽ നിന്ന് 11 ലക്ഷം. മറ്റു രാജ്യങ്ങളിൽ നിന്ന് 30 ലക്ഷം എന്നുമാണ് കണക്കുകൾ പറയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘മധുരരാജ’.

മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വിലയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ‘മധുരരാജ’ വൈശാഖ്-മമ്മൂട്ടി ടീമിന്റെ തന്നെ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ആദ്യ ഭാഗം ‘പോക്കിരിരാജ’യെക്കാള്‍ മാസ്സും ആക്ഷനുമാണ് ‘മധുരരാജ’ എന്നാണ് ആരാധകരുടെ പക്ഷം. രാജയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഡബിള്‍ സ്‌ട്രോങ് അല്ല, ട്രിപ്പിള്‍ സ്‌ട്രോങ്’. ചിത്രത്തിന് മൂന്നാം ഭാഗം – ‘മിനിസ്റ്റര്‍ രാജ’ വരുന്നു എന്ന സൂചനകളും സംവിധായകന്‍ തരുന്നുണ്ട്.

‘പോക്കിരി രാജ’യില്‍ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് ‘മധുരരാജ’ എന്നും മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ കൂടുതല്‍ അപ്‌ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ് എന്നും ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.

Read more: മധുരരാജയില്‍ ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷന്‍

‘രാജ സൊല്ലതുതാൻ സെയ്‌വ, സെയ്‌വത് മട്ടും താൻ സൊല്ലുവ’ എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് ‘മധുരരാജ’യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നൽകുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകൾ കടമെടുത്താൽ, എവിടേലും ഇടിച്ചു നിൽക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook